Latest Videos

'കടുത്ത സമ്മര്‍ദമുള്ള മത്സരം, പക്ഷേ ഞാനും ദ്രാവിഡും അത് ചെയ്യും'; ഇന്ത്യ-പാക് പോരിന് മുമ്പ് രോഹിത് ശര്‍മ്മ

By Web TeamFirst Published Aug 20, 2022, 3:03 PM IST
Highlights

കഴിഞ്ഞ ടി20 ലോകകപ്പില്‍ ദുബായില്‍ പാകിസ്ഥാനോട് തോറ്റതിന്‍റെ ചരിത്രവും ടീം ഇന്ത്യക്കുണ്ട്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ഭാഗ്യമുണ്ടെങ്കില്‍ ഫൈനലടക്കം മൂന്ന് തവണ ഇരു ടീമുകളും മുഖാമുഖം വരും. ഇത്രത്തോളം ആവേശം വിതറുന്ന മറ്റ് മത്സരങ്ങള്‍ ഇക്കുറി ടൂര്‍ണമെന്‍റിലുണ്ടാവില്ല എന്നുറപ്പ്. അതിനാല്‍ മത്സരത്തിന് മുന്നോടിയായി ടീമിലുള്ള സമ്മര്‍ദം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 

'ഇന്ത്യ-പാകിസ്ഥാന്‍ മത്സരം എല്ലാവരും കാണും. കടുത്ത സമ്മര്‍ദമുള്ള മത്സരമാണ് അവയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ടീമില്‍ സാധാരണ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. മത്സരത്തെ കുറിച്ച് അനാവശ്യ പുകഴ്‌ത്തല്‍ ഞങ്ങള്‍ക്കുള്ളില്‍ ആവശ്യമില്ല. ഞങ്ങളെ സംബന്ധിച്ച് ഇതൊരു മത്സരം മാത്രമാണ്. മറ്റേത് എതിരാളിയേയും പോലെ പാക് ടീമിനെ കണ്ടാല്‍ മതിയെന്ന് താരങ്ങളോട് ഞാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പറയേണ്ടത് ആവശ്യമാണ്' എന്നും രോഹിത് ശര്‍മ്മ ഏഷ്യാ കപ്പിന് മുന്നോടിയായി സ്പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു. 

നിലവിലെ ചാമ്പ്യന്‍മാരായാണ് യുഎഇയിലെ ഏഷ്യാ കപ്പില്‍ അടുത്ത വാരം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക. ഏഴ് തവണ ഏഷ്യന്‍ ചാമ്പ്യന്‍മാരായിട്ടുണ്ട് ടീം ഇന്ത്യ. ടൂര്‍ണമെന്‍റില്‍ 14 തവണ മുഖാമുഖം വന്നപ്പോള്‍ എട്ടിലും ജയിച്ചതിന്‍റെ മുന്‍തൂക്കം പാകിസ്ഥാനെതിരെ ഇന്ത്യക്കുണ്ട്. ഇതില്‍ അഞ്ച് ജയങ്ങള്‍ അവസാന ആറ് നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലായിരുന്നു. 2014ല്‍ മിര്‍പൂരിലാണ് പാകിസ്ഥാനോട് ഏഷ്യാ കപ്പില്‍ ഇന്ത്യ അവസാനമായി തോറ്റത്. 

ഇക്കുറി ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യം അനുവദിച്ചാല്‍ കലാശപ്പോരിലും ഇരു ടീമുകളും പരസ്‌പരം പോരടിക്കും. ഓഗസ്റ്റ് 28-ാം തിയതിയിലെ മത്സരം ദുബായിലാണ് എന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നേരിയ ആശങ്കയാണ്. കാരണം, കഴിഞ്ഞ ടി20 ലോകകപ്പില്‍(2021) ഇന്ത്യന്‍ ടീം പാകിസ്ഥാനോട് ഇതേ വേദിയില്‍ 10 വിക്കറ്റിന് തോറ്റിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനോട് ആദ്യമായി തോല്‍വി വഴങ്ങുകയായിരുന്നു ഇന്ത്യ. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

സഞ്ജു ഇടംപിടിക്കുമോ? ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന തിയതി പുറത്ത്

click me!