
ഹരാരെ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. സിംബാബ്‌വെ ഓപ്പണര്‍ തകുസ്വാന്‍ഷെ കെറ്റാനോയെ (7) പുറത്തെടുക്കാനെടുത്ത ക്യാച്ചിന് പിന്നാലെയാണ് വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകമെത്തിയത്. ഒമ്പതാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്ത് കെറ്റാനോയുടെ ബാറ്റിലുരസി ഒന്നാം സ്ലിപ്പിലേക്ക് പോവുകയായിരുന്നു. ഒന്നാം സ്ലിപ്പില്‍ ശിഖര്‍ ധവാന്‍ ഉണ്ടായിരുന്നുവെങ്കിലും സഞ്ജു ഒരു ഡൈവിംഗിലൂടെ ഒറ്റകയ്യില്‍ ക്യാച്ച് കയ്യിലൊതുക്കി.
പിന്നാലെ മലയാളി താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. എം എസ് ധോണിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നാണ് ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റ് വായിക്കാം...
അമ്പരിപ്പിക്കുന്ന വിക്കറ്റ് കീപ്പിംഗാണ് സഞ്ജുവിന്റേതെന്ന് മറ്റൊരാള്‍. കഴിഞ്ഞ മത്സരത്തിലെ ക്യാച്ചിനെ കുറിച്ചും പരാമര്‍ശമുണ്ട്. സിംബാബ്‌വെയ്ക്ക് ഇതുവരെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ മൂന്ന് ക്യാച്ചും സഞ്ജുവിന്റെ കൈകളിലേക്കായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സിംബാബ്‌വെ തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ അഞ്ചിന് 72 എന്ന നിലയിലാണ് സിംബാബ്‌വെ. കെറ്റാനോയ്ക്ക് പുറമെ ഇന്നസെന്റ് കയ (16), വെസ്ലി മധവേരെ (2), റെഗിസ് ചകാബ്വ (2), സിക്കന്ദര്‍ റാസ (16) എന്നിവരാണ് പുറത്തായത്. റ്യാന്‍ ബേള്‍ (4), സീന്‍ വില്യംസ് (27) എന്നിവരാണ് ക്രീസില്‍.
നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ചാഹറിന് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാകൂര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.