
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലിലായിരിക്കും എന്ന കാര്യത്തില്‍ മാറ്റമില്ലെങ്കിലും സ്റ്റേഡിയങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഈ ആഴ്‌ച മത്സരക്രമം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാനില്‍ ലാഹോറും ശ്രീലങ്കയില്‍ ദംബുള്ളയുമാണ് സ്റ്റേഡിയങ്ങളായി പരിഗണനയിലുള്ള പ്രധാന ഇടങ്ങള്‍. കൊളംബോയില്‍ വച്ച് മത്സരങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും മണ്‍സൂണ്‍ സീസണായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. സ്റ്റേഡിയങ്ങളുടെ കാര്യത്തില്‍ ഇരു ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്‌ത് ഈ ആഴ്‌ച എസിസി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനെ കുറിച്ച് ബിസിസിഐ നല്‍കുന്ന സൂചന ഇങ്ങനെ... 'അവസാനവട്ട ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. താല്‍ക്കാലിക മത്സരക്രമം അംഗങ്ങളുമായി എസിസി പങ്കുവെച്ചിട്ടുണ്ട്. ഈ ആഴ്‌ച മത്സരക്രമം പുറത്തുവിടും. മണ്‍സൂണ്‍ ആയതിനാല്‍ കൊളംബോയെ വേദിയാക്കുന്നതില്‍ പ്രശ്‌നമുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് കൊളംബോയെയാണ് വേദിയായി പരിഗണിച്ചിരുന്നെങ്കിലും മാറ്റം വരുത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു.
മുന്‍നിശ്ചയിച്ച പ്രകാരം ഹൈബ്രിഡിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കുക. പാകിസ്ഥാനാണ് ഏഷ്യാ കപ്പ് നടത്താന്‍ അവകാശം എങ്കിലും ടീം ഇന്ത്യ യാത്ര ചെയ്യില്ല എന്ന് ബിസിസിഐ തീരുമാനം എടുത്തതോടെ മത്സരം ഹൈബ്രിഡ് മോഡലിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ക്ക് ലാഹോര്‍ വേദിയാവും. ഇതിന് ശേഷമാണ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 17നാണ് അവസാനിക്കുക. സെപ്റ്റംബര്‍ ആറിന് ശ്രീലങ്കയ്‌ക്ക് എതിരെയായിരിക്കും ടീം ഇന്ത്യയുടെ ആദ്യ മത്സരം വരാന്‍ സാധ്യത.
Read more: കെ എല്‍ രാഹുലിന്‍റെ മടങ്ങിവരവ് വൈകും; സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലേക്കും?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം