
കാന്‍ഡി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യവുമായി വലിയ ചര്‍ച്ച നടക്കുന്ന പേരുകളാണ് വിരാട് കോലിയുടെയും ബാബര്‍ അസമിന്‍റേയും. നിലവില്‍ വിരാട് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററും ബാബര്‍ പാകിസ്ഥാന്‍റെ ഏറ്റവും മികച്ച ബാറ്ററുമാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കോലിയും ബാബറും കാഴ്‌ചവെക്കുന്നത്. ഇവരില്‍ ആരാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന ചോദ്യത്തിന് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്.
'വിരാട് കോലി, ബാബര്‍ അസം എന്നിവരില്‍ നിന്ന് മികച്ച ബാറ്ററെ കണ്ടെത്തുക ശ്രമകരമാണ്. അതിനാലാണ് ഞാന്‍ സെലക്‌ടറാവാത്തത്. എനിക്ക് നാട്ടില്‍ നിന്ന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നേക്കാം. എങ്കിലും തുറന്നുപറയാം. ബാബറിനേക്കാള്‍ മികച്ച താരം വിരാട് കോലിയാണ്. ബാബര്‍ ഏറ്റവും മികച്ച ബാറ്ററിലേക്കുള്ള യാത്രയിലാണ് എന്നതില്‍ സംശയമില്ല. അദേഹം സമകാലിക ഇതിഹാസങ്ങളില്‍ ഒരാളാണ്. കോലിയോളം മികച്ച ബാറ്റര്‍ എന്ന ഖ്യാതി ബാബര്‍ സ്വന്തമാക്കാന്‍ സമയമെടുക്കും, അതിന് അയാള്‍ക്ക് കഴിയും' എന്നും വസീം അക്രം പറഞ്ഞു. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരായ ഉദ്ഘാടന മത്സരത്തില്‍ 151 റണ്‍സുമായി ബാബര്‍ അസം മികച്ച ഫോമിലാണ്.
ബുമ്രയോ ഷഹീനോ?
'ജസ്‌പ്രീത് ബുമ്രയേക്കാള്‍ മികച്ച പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ്. ഇടംകൈയന്‍ പേസര്‍ എന്ന നിലയില്‍ ഷഹീന്‍, സ്റ്റാര്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്നു. ഇരുവരും ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ വിക്കറ്റ് എടുക്കുന്ന ബൗളര്‍മാരാണ്. അതാണ് ഷഹീനെ ഇഷ്‌ടപ്പെടാന്‍ കാരണം. പരിക്ക് തടസമായില്ലെങ്കില്‍ വലിയ ഭാവി അദേഹത്തിനുണ്ട്. ബാറ്റിംഗ് ഷഹീന്‍ മെച്ചപ്പെടുത്തിയാല്‍ 9, 10 നമ്പറുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താം. ജനുവിന്‍ വിക്കറ്റ് ടേക്കറായതിനാല്‍ ഷഹീന്‍ ടീമിലെ നിര്‍ണായക അംഗങ്ങളില്‍ ഒരാളാണ്' എന്നും അക്രം കൂട്ടിച്ചേര്‍ത്തു. ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ രണ്ടിന് നടക്കുന്നതിന് തൊട്ടുമുമ്പാണ് അക്രമിന്‍റെ ഈ വാക്കുകള്‍.
Read more: സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 17; തുടര്‍ച്ചയായി മൂന്ന് സിക്‌സര്‍ പറത്തി റിങ്കു സിംഗ്- കാണാം വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം