
മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഫിനിഷര്‍ എന്ന വിശേഷണമുള്ള താരമാണ് റിങ്കു സിംഗ്. ഐപിഎല്‍ 2023 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകളുമായി റിങ്കു ജയിപ്പിച്ചിരുന്നു. യഷ് ദയാലിനെതിരെയാണ് റിങ്കു സിംഗിന്‍റെ ബാറ്റ് അന്ന് സംഹാരതാണ്ഡവമാടിയത്. ഇപ്പോള്‍ യുപി ട്വന്‍റി 20 ലീഗില്‍ സൂപ്പര്‍ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സുമായി തന്‍റെ ടീമിനെ റിങ്കു ജയിപ്പിച്ചിരിക്കുകയാണ്.
യുപി ടി20 ലീഗില്‍ മീററ്റിനായി കളിക്കുന്ന റിങ്കു സിംഗ് കാശി രുദ്രാസിനെതിരെയാണ് ബാറ്റുകൊണ്ട് തകര്‍ത്താടിയത്. സൂപ്പര്‍ ഓവറില്‍ 17 റണ്‍സാണ് മീററ്റ് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇടംകൈയന്‍ സ്‌പിന്നര്‍ ശിവ സിംഗിനെതിരെ ഹാട്രിക് സിക്‌സര്‍ പറത്തിയ താരം ടീമിനെ ജയിപ്പിച്ചു. ഓവറിലെ രണ്ടാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെയും മൂന്നാമത്തേത് ഡീപ് മിഡ്‌വിക്കറ്റിലൂടെയും നാലാമത്തേത് ലോംഗ് ഓഫിന് മുകളിലൂടെയുമാണ് റിങ്കു സിംഗ് പറത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറില്‍ 181 റണ്‍സില്‍ സമനില പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നേരത്തെ മീറ്ററിന്‍റെ ഇന്നിംഗ്‌സില്‍ 22 പന്തില്‍ 15 റണ്‍സ് മാത്രം എടുത്തിട്ടും റിങ്കുവിനെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു ടീം.
ഐപിഎല്‍ പതിനാറാം സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റിങ്കു സിംഗ് അടുത്തിടെ അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20യിലൂടെ ടീം ഇന്ത്യക്കായി അരങ്ങേറിയിരുന്നു. അന്ന് ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന താരം രണ്ടാം ടി20യില്‍ ക്രീസിലെത്തി 21 പന്തില്‍ 38 റണ്‍സ് നേടി. മൂന്ന് സിക്‌സും രണ്ട് ഫോറും റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം റിങ്കുവിനായിരുന്നു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ യുവ ടീമില്‍ റിങ്കുവുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം