
മുംബൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിലുള്ള പിടിവലി അവസാനിച്ചിട്ടില്ലെങ്കിലും ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരങ്ങളുടെ തിയതികളായതായി റിപ്പോർട്ട്. ഏഷ്യാ കപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ അയല്‍ക്കാരുടെ പോരാട്ടങ്ങള്‍ സെപ്റ്റംബർ 2, 10 തിയതികളിലാവും നടക്കുക എന്ന് വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ ദംബുള്ളയിലോ കാന്‍ഡിയിലോ വച്ചായിരിക്കും ഈ മത്സരങ്ങള്‍. നേരത്തെ കൊളംബോയില്‍ വച്ച് ഇന്ത്യ-പാക് മത്സരങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെങ്കിലും മണ്‍സൂണ്‍ ആശങ്ക വേദി മാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
പാകിസ്ഥാന്‍ ആതിഥേയത്വമരുളുന്ന ഏഷ്യാ കപ്പിന്‍റെ മത്സരക്രമം ഔദ്യോഗികമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ചില മാധ്യമങ്ങള്‍ തിയതി പുറത്തുവിടുകയായിരുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന നിലപാട് സ്വീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ നടത്താനാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഇപ്പോഴത്തെ ശ്രമം. പിസിബി ആദ്യം ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത് എങ്കിലും ഇപ്പോള്‍ യൂടേണ്‍ തിരിഞ്ഞിരിക്കുകയാണ്. കൂടുതല്‍ മത്സരങ്ങളും വരുമാനവും പാകിസ്ഥാന് അനുവദിക്കണം എന്നതാണ് ആവശ്യം. ഇതു സംബന്ധിച്ച് പിസിബി എസിസി അധികൃതരുമായി ചർച്ച നടത്തിവരികയാണ്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്ന ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാവും ഇന്ത്യന് ടീം ഏഷ്യാ കപ്പ് കളിക്കുക. പരിക്കിന്‍റെ പിടിയിലായിരുന്ന കെ എല്‍ രാഹുല്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യർ എന്നിവരുടെ കാര്യത്തില്‍ മാത്രമേ തീരുമാനമാകാനുള്ളൂ. ഇവരില്‍ ബുമ്രയും അയ്യരും ഏഷ്യാ കപ്പിന് മുമ്പ് അയർലന്‍ഡ് പര്യടനത്തില്‍ കളിക്കും എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ഏഷ്യാ കപ്പിന് മുമ്പ് ടീമിന് സന്തോഷ വാർത്തയാണ്. അയർലന്‍ഡ് പര്യടനം കഴിഞ്ഞയുടനെയാണ് ഏകദിന ഫോർമാറ്റില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഏഷ്യാ കപ്പ് തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഫൈനലിലെത്തിയാല്‍ വീണ്ടും ആരാധകർക്ക് ഇന്ത്യ-പാക് പോരാട്ടം വീക്ഷിക്കാം.
Read more: സൂര്യകുമാർ യാദവിന് വരെ ഭീഷണി; ഏകദിന ലോകകപ്പ് സ്‍ക്വാഡില്‍ കാറ്റ് സഞ്ജു സാംസണ് അനുകൂലം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം