
പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ആവേശപ്പോരില്‍ ഇന്ത്യന്‍ മുന്‍നിരയെയും മധ്യനിരയെയും എറിഞ്ഞിട്ടത് പാക് പേസര്‍ ഷഹീന് അഫ്രീദിയുടെ മിടുക്കായിരുന്നു. തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി ഞെട്ടിച്ച അഫ്രീദി പിന്നാലെ വിരാട് കോലിയെയും ബൗള്‍ഡാക്കി. ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്നിംഗ്സില്‍ തന്നെ ഇന്ത്യയുടെ വിരാട് കോലിയെയും രോഹിത ശര്‍മയെയും ഒരു ബൗളര്‍ ബൗള്‍ഡാക്കുന്നത്.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലിയെയും രോഹിത്തിനെയും മുഹമ്മദ് ആമിര്‍ പുറത്താക്കിയിട്ടുണ്ടെങ്കിലും അന്ന് രോഹിത്തിനെ ആമിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വിരാട് കോലിയാകട്ടെ ക്യാച്ച് നല്‍കിയാണ് പുറത്തായത്. മഴമൂലം അഞ്ചാം ഓവറില്‍ കളി തടസപ്പെട്ടശേഷം മത്സരം പുനരാംരഭിച്ചപ്പോഴാണ് അഫ്രീദി മനോഹരമായൊരു ഇന്‍സ്വിംഗറില്‍ രോഹിത്തിനെ ബൗള്‍ഡാക്കിയത്. തുടര്‍ച്ചയായി രണ്ട് ഔട്ട് സ്വിംഗറുകള്‍ എറിഞ്ഞശേഷമായിരുന്നു രോഹിത്തിനെ അഫ്രീദി ഇന്‍സ്വിംഗറില്‍ വീഴ്ത്തിയത്.
വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി നസീം ഷാക്കെതിരെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നെങ്കിലും അഫ്രീദിയുടെ അടുത്ത ഓവറില്‍ ബൗള്‍ഡായി. നാലു റണ്‍സായിരുന്നു കോലിയുടെ നേട്ടം. ഇന്ത്യന്‍ ഇന്നിംഗ്സിനുശേഷം ഏത് വിക്കറ്റായിരുന്നു ഏറ്റവും സ്പെഷ്യല്‍ എന്ന ചോദ്യത്തിന് അഫ്രീദി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. എല്ലാ വിക്കറ്റുകളും തനിക്ക് ഒരുപോലെയാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ രോഹിത്തിന്‍റെ വിക്കറ്റാണ് തനിക്കേറെ സ്പെഷ്യലെന്ന് അഫ്രീദി മറുപടി നല്‍കി. 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയാണ് അഫ്രീദി നാലു വിക്കറ്റുകള്‍ എറിഞ്ഞിട്ടത്.
പാക്കിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 82 റണ്‍സെടുത്തു. വാലറ്റത്ത് 14 പന്തില്‍16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. പാക്കിസ്ഥാന് വേണ്ടി നാലു വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിക്ക് പുറമെ ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക