
ദുബായ്: ഏഷ്യാ കപ്പില്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ യുഎഇക്കെതിരായ മത്സരത്തിനിറങ്ങിയ പാകിസ്ഥാന് പവര്‍ പ്ലേയില്‍ തിരിച്ചടി. യുഎഇക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്. 16 പന്തിൽ 22 റണ്‍സോടെ ഫഖര്‍ സമനും 18 പന്തില്‍ 16 റണ്‍സോടെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും ക്രീസില്‍. ഓപ്പണര്‍മാരായ സാഹിബ്സാദ ഫര്‍ഹാന്‍, സയ്യിം അയൂബ് എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ നഷ്ടമായത്.
ടോസിലെ നഷ്ടത്തിന് പിന്നാല ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. ഇന്ത്യക്കെതിരായ 40 റണ്‍സുമായി ടോപ് സ്കോററായ സാഹിബ്സാദ ഫര്‍ഹാനെ രണ്ടാം പന്തില്‍ തന്നെ ജുനൈദ് സിദ്ദിഖി വിക്കറ്റിന് മുന്നില്‍ കുടുക്കിയതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത ഫര്‍ഹാന്‍ രക്ഷപ്പെട്ടു. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ സയ്യിം അയൂബിനെ പൂജ്യത്തിന് മടക്കി ജുനൈദ് സിദ്ദിഖി പാകിസ്ഥാനെ ഞെട്ടിച്ചു. ഇന്ത്യക്കെതിരെയും ഗോള്‍ഡന്‍ ഡക്കായ സയ്യിം അയൂബ് യുഎഇക്കെതിരെ നേരിട്ട രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. ആദ്യ രണ്ടോവറില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന് മൂന്നാം ഓവറില്‍ വീണ്ടും അടിയേറ്റു.
12 പന്ത് നേരിട്ട് അഞ്ച് റണ്‍സ് മാത്രമെടുത്ത സാഹിബ്സാദ ഫര്‍ഹാനെ ജുനൈദ് സിദ്ദിഖി ഫൈന്‍ ലെഗ്ഗില്‍ മുഹമ്മദ് സുഹൈബിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. പവര്‍ പ്ലേയിലെ ആദ്യ നാലോവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ സ്കോര്‍ ബോര്‍ഡില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. ധ്രുവ് പരാശര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ ഫഖര്‍ സമനാണ് പാക് സ്കോര്‍ ബോര്‍ഡിന് അല്‍പം മാന്യത നല്‍കിയത്. അഞ്ചാം ഓവറില്‍ 14 റണ്‍സടിച്ച പാകിസ്ഥാന്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് കൂടി നേടി 39 റണ്‍സിലെത്തി.
ഇന്ത്യക്കെതിരായ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സൂഫിയാൻ മൊഖീം ഫഹീം അഷ്റഫും പുറത്തായപ്പോള്‍ ഖുഷ്ദില്‍ ഷായും മുഹമ്മദ് ഹാരിസും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഒമാനെതിരെ കളിച്ച ടീമില്‍ യുഎഇയും ഒരു മാറ്റം വരുത്തി.ജവാദുള്ളക്ക് പകരം സിമ്രൻജീത് സിംഗ് യുഎഇയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക