ഏഷ്യാ കപ്പ് റദ്ദാക്കിയെന്ന ഗാംഗുലിയുടെ പ്രസ്താവനക്കെതിരെ പാക്കിസ്ഥാന്‍

By Web TeamFirst Published Jul 9, 2020, 5:41 PM IST
Highlights

ഏഷ്യാ കപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും പ്രഖ്യാപനം നടത്തേണ്ടത് കൗണ്‍സില്‍ പ്രസിഡന്റ് നസ്മുള്‍ ഹസനുമാണ്. അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഞങ്ങളുടെ അറിവ്. പിന്നെ എങ്ങനെയാണ് ഗാംഗുലി പ്രഖ്യാപനം നടത്തുകയെന്നും ഹസന്‍.

കറാച്ചി: ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രസ്താവനക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം പോലും ചേര്‍ന്നിട്ടില്ലെന്നിരിക്കെ ഗാംഗുലിയുടെ പ്രസ്താവനക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന് പാക് ബോര്‍ഡ് മീഡയ ഡയറക്ടര്‍ സമീയുള്‍ ഹസന്‍ പറഞ്ഞു.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റാണ് ഏഷ്യാ കപ്പ് നടക്കുമോ എന്ന് പറയേണ്ടതെന്നും ബിസിസിഐ പ്രസിഡന്റ് അല്ലെന്നും ഹസന്‍ പറഞ്ഞു. ഓരോ ആഴ്ചയും ഓരോ പ്രസ്താവന നടത്തിയാല്‍ ഗാംഗുലിയുടെ വാക്കുകള്‍ ആരും വിലവെക്കില്ലെന്നും ഹസന്‍ പറഞ്ഞു.

ഏഷ്യാ കപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും പ്രഖ്യാപനം നടത്തേണ്ടത് കൗണ്‍സില്‍ പ്രസിഡന്റ് നസ്മുള്‍ ഹസനുമാണ്. അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഞങ്ങളുടെ അറിവ്. പിന്നെ എങ്ങനെയാണ് ഗാംഗുലി പ്രഖ്യാപനം നടത്തുകയെന്നും ഹസന്‍ ചോദിച്ചു.

ഇന്നലെ 48-ാം ജന്‍മദിനത്തില്‍ വിക്രാന്ത് ഗുപ്തയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ഗാംഗുലി ഏഷ്യാ കപ്പ് റദ്ദാക്കിയതായി അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗാംഗുലി തയാറായിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണോ തീരുമാനമെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നില്ല.കൊവിഡ് 19 മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ഡിസംബറിലെ ഓസ്ട്രേലിയന്‍ പര്യടനമായിരിക്കുമെന്നും ഗാംഗുലി സൂചിപ്പിച്ചിരുന്നു.

പാക്കിസ്ഥാനായിരുന്നു ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പെ ഏഷ്യാ കപ്പ് വേദി യുഎഇയിലേക്ക് മാറ്റിയെന്ന കാര്യം ഫെബ്രുവരിയില്‍ ഗാംഗുലി പ്രഖ്യാപിച്ചതും പാക് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചിരുന്നു.

click me!