
ശ്രീനഗര്‍: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം വിദ്യാര്‍ഥികള്‍ സംഘമായി ഇരുന്ന് കാണുന്നതിന് ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി)യില്‍ വിലക്കേര്‍പ്പെടുത്തി അധികൃതര്‍. മത്സരസമയത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുറികളില്‍ തുടരണമെന്നും സംഘമായി ഇരുന്ന് മത്സരം കാണാന്‍ ശ്രമിക്കരുതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സംഘമായി ഇരുന്ന് കളി കണ്ടുവെന്ന് ബോധ്യപ്പെട്ടാല്‍ 5000 രൂപ പിഴ ഈടാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ അവരവരുടെ മുറികളില്‍ തുടരണമെന്നും മറ്റ് വിദ്യാര്‍ഥികളെ മുറികളില്‍ പ്രവേശിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും വിദ്യാര്‍ഥികളുടെ മുറിയില്‍ സംഘമായിരുന്നു കളി കണ്ടാല്‍ ആ മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കും.
പാകിസ്ഥാന്‍ ചിത്രത്തിലേയില്ല; ഇന്ത്യയുടെ പവര്‍പ്ലേ പവറാകും എന്ന് കണക്കുകള്‍
ഇതിന് പുറമെ മത്സരവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരസമയത്ത് മാത്രമല്ല മത്സരത്തിന് ശേഷവും മുറികളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
2016ലെ ടി20 ലോകകപ്പിലെ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനല്‍ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിക്കുശേഷം ശ്രീനഗര്‍ എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം എന്‍ഐടി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങും, കാരണം ഇതാണ്
ഏഷ്യാ കപ്പില്‍ ഇന്ന് വൈകിട്ട് ഏഴരക്കാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.10 മാസം മുമ്പ് ഇതേ ഗ്രൗണ്ടില്‍ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ പത്ത് വിക്കറ്റ് ജയവുമായി മടങ്ങിയത് പാക്കിസ്ഥാനായിരുന്നു.