2021 മുതല്‍ കുറഞ്ഞത് 20 രാജ്യാന്തര ടി20യെങ്കിലും കളിച്ച ടീമുകളെ പരിഗണിച്ചാല്‍ ഉയര്‍ന്ന പവര്‍പ്ലേ റണ്‍റേറ്റ് ടീം ഇന്ത്യക്കാണ്

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായി നിമിഷങ്ങള്‍ എണ്ണി സമയം തള്ളിനീക്കുകയാണ് ആരാധകര്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന ഏഷ്യയുടെ ക്രിക്കറ്റ് ഡര്‍ബി. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോള്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ചില കണക്കുകള്‍. പവര്‍പ്ലേയില്‍ ഇന്ത്യയാണ് പാകിസ്ഥാനേക്കാള്‍ ഏറെ പവറുള്ള ടീം. മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും ഏറെ ആത്മവിശ്വാസം നല്‍കും ഈ കണക്കുകള്‍. 

2021 മുതല്‍ കുറഞ്ഞത് 20 രാജ്യാന്തര ടി20യെങ്കിലും കളിച്ച ടീമുകളെ പരിഗണിച്ചാല്‍ ഉയര്‍ന്ന പവര്‍പ്ലേ റണ്‍റേറ്റ് ടീം ഇന്ത്യക്കാണ്. മികച്ച പവര്‍പ്ലേ റണ്‍റേറ്റുള്ള അഞ്ച് ടീമുകളില്‍ പാകിസ്ഥാന്‍ ഇല്ല. ഇന്ത്യ(8.32), വെസ്റ്റ് ഇന്‍ഡീസ്(8.18), ഇംഗ്ലണ്ട്(8.08), ദക്ഷിണാഫ്രിക്ക(7.74), ഓസ്‌ട്രേലിയ(7.65) എന്നിങ്ങനെയാണ് പവര്‍പ്ലേയിലെ റണ്‍റേറ്റുകള്‍.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ മൈതാനത്ത് മുഖാമുഖം വരുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ വേദി കൂടിയാണിത്. അന്ന് 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാല്‍ ഏഷ്യാ കപ്പിലെ റെക്കോര്‍ഡ് ഇന്ത്യക്ക് അനുകൂലമാണ്. ടൂര്‍ണമെന്‍റില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി.

പാകിസ്ഥാനെതിരായ മത്സരത്തോടെ വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ 100 ടി20 പൂര്‍ത്തിയാക്കും. മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം താരവുമാകും കിംഗ് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ മാത്രമേ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരങ്ങള്‍ വീതം കളിച്ചിട്ടുള്ളൂ. ചരിത്ര മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തുകയാണ് വിരാട് കോലിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

ഫാബുലസ് ഫാഫ്; ഇന്ത്യ-പാക് പോരിന് മുമ്പ് കിംഗ് കോലിക്ക് തകര്‍പ്പന്‍ ആശംസയുമായി ആര്‍സിബി ക്യാപ്റ്റന്‍- വീഡിയോ