
ദുബായ്: ഏഷ്യാ കപ്പില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിലെത്തുന്ന മൂന്നാമത്തെ ടീമായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം നാലു പന്തും രണ്ട് വിക്കറ്റും ബാക്കി നിര്‍ത്തി ലങ്ക മറികടന്നു. അവസാന മൂന്നോവറില്‍ 34 റണ്‍സും രണ്ടോവറില്‍ 25 റണ്‍സുമായിരുന്നു ലങ്കക്ക് ജയികകാന്‍ വേണ്ടിയിരുന്നത്. എബാദത്ത് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ച ചമിക കരുണരത്നെയാണ് ലങ്കയെ ജയത്തിന് അടുത്തെത്തിച്ചത്.
മെഹ്ദി ഹസനെറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ തന്നെ ലക്ഷ്യം അടിച്ചെടുത്ത് ലങ്ക സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്തു. 37 പന്തില്‍ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ദസുന്‍ ഷനക 33 പന്തില്‍ 45 റണ്‍സെടുത്തു. ബംഗ്ലാദേശിനായി എബാദത്ത് ഹൊസൈന്‍ നാലോവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 183-7, ശ്രീലങ്ക 19.2 ഓവറില്‍ 184-8.
തുടക്കം കസറി
184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ 45 റണ്‍സടിച്ചു. 19 പന്തില്‍ 20 റണ്‍സെടുത്ത നിസങ്കയെ എബാദത്ത് ഹൊസാന്‍ വീഴ്ത്തി. അതേ ഓവറില്‍ ചരിത് അസലങ്കയെ(1)യും മടക്കി എബാദത്ത് ലങ്കക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ ധനുഷ്ക ഗുണതിലകയെയും(11) മടക്കിയ എബാദത്ത് ലങ്കയെ പ്രതിരോധത്തിലാക്കി.
ഭാഗ്യവാനായ കുശാല്‍ മെന്‍ഡിസ്, ധീരനായ ഷനക
മൂന്ന് തവണ പുറത്തായിട്ടും ഒരു തവണ നോ ബോളിലും രണ്ടാം തവണ ബംഗ്ലാദേശ് ക്യാച്ചിനായി ഡിആര്‍എസ് എടുക്കാത്തതിനാലും രക്ഷപ്പെട്ട കുശാല്‍ മെന്‍ഡിസ് ഒരറ്റത്ത് അടിച്ചു തകര്‍ത്തതോടെ ലങ്കക്ക് പ്രതീക്ഷയായി. ഭാനുക രജപക്സെ(2) വന്നതും പോയതും പെട്ടെന്നായിരുന്നെങ്കിലും ക്യാപ്റ്റന്‍ ധസുന്‍ ഷനക മെന്‍ഡിസിനൊപ്പം ചേര്‍ന്നതോടെ ലങ്ക വിജയപ്രതീക്ഷയിലായി.
ഇരുവരും ചേര്‍ന്ന് ലങ്കയെ 77-4ല്‍ നിന്ന് 131ല്‍ എത്തിച്ചു. മെന്‍ഡിസിനെ വീഴ്ത്തി(37 പന്തില്‍ 60) മുസ്തഫിസുര്‍ റഹ്മാന്‍ ആണ് ബംഗ്ലാ കടുവകളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ വാനിന്ദു ഹസരങ്കയെ(2) ടസ്കിന്‍ അഹമ്മദ് മടക്കിയപ്പോഴും ഷനക അടിച്ചു തകര്‍ത്തു. അവസാന മൂന്നോവറില്‍ 33 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മെഹ്ദി ഹസനെ ബൗണ്ടറി കടത്തിയ ഷനക തൊട്ടടുത്ത പന്തില്‍ പുറത്തായത് ലങ്കക്ക് തിരിച്ചടിയായി. 33 പന്തില്‍ 45 റണ്‍സ് നേടിയാണ് ഷനക ലങ്കയെ വിജയത്തിനരികെ എത്തിയത്.
ഇതെന്തൊരു ഐറ്റമാണ്, സൂര്യകുമാറിന്‍റെ വെടിക്കെട്ട് കണ്ട് വിശ്വസിക്കാനാവാതെ കോലിയുടെ ചോദ്യം
ഷനക പുറത്തായതോടെ പ്രതീക്ഷ കൈവിട്ട ലങ്കയെ ചമിക കരുണരത്നെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന രണ്ടോവറില്‍ 24 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എബാദത്ത് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ആദ്യ രണ്ട് പന്തില്‍ നാലു റണ്‍സ് ഓടിയെടുത്ത കരുണരത്നെ അടുത്ത പന്ത് ബൗണ്ടറി കടത്തി. നോ ബോളായിരുന്ന ആ പന്തില്‍ ലഭിച്ച ഫ്രീ ഹിറ്റില്‍ രണ്ട് റണ്‍സടിക്കാനെ കരുണരത്നെക്ക് കഴിഞ്ഞുള്ളു. എന്നാല്‍ അഞ്ചാം പന്തില്‍ ഇല്ലാത്ത റണ്ണിനോടി കരുണരത്നെ(10 പന്തില്‍ 16) ഷാക്കിബ് അല്‍ ഹസന്‍റെ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടായത് ലങ്കയുടെ പ്രതീക്ഷ തകര്‍ത്തു. എന്നാല്‍ അവസാന പന്ത് ബൗണ്ടറി കടത്തി അസിത ഫെര്‍ണാണ്ടോ ലങ്കയുടെ ലക്ഷ്യം അവസാന ഓവറില്‍ ആറ് പന്തില്‍ എട്ട് റണ്‍സാക്കി ചുരുക്കി. നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ച് എറിഞ്ഞതിനാല്‍ അവസാന ഓവറില്‍ ബംഗ്ലാദേശിന് നാല് ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിഞ്ഞുള്ളു.
മെഹ്ദി ഹസന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത മഹീഷ് തീക്ഷണ സ്ട്രൈക്ക് അസിത് ഫെര്‍ണാണ്ടോക്ക് കൈമാറി. രണ്ടാം പന്ത് ബൗണ്ടറി കടത്തി ഫെര്‍ണാണ്ടോ ലങ്കയുടെ ലക്ഷ്യം നാലു പന്തില്‍ മൂന്ന് റണ്‍സാക്കി. നോ ബോളായ അടുത്ത പന്തില്‍ ഡബിളെടുത്ത അസിത ലങ്കയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മെഹ്ദി ഹസന്‍, ആഫിഫ് ഹൊസൈന്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്ത്. 22 പന്തില്‍ 39 റണ്‍സെടുത്ത ആഫിഫ് ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ശ്രീലങ്കക്കായി ഹസരങ്കയും കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴത്തി. അവസാന മൂന്നോവറില്‍ മൊദാസെക് ഹൊസൈന്‍റെ വെടിക്കെട്ടില്‍ 36 റണ്‍സടിച്ചാണ് ബംഗ്ലാദേശ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!