
കൊച്ചി: പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കെ സി എ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് ഇന്നിങ്‌സ് വിജയം. മറ്റൊരു മത്സരത്തില്‍ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് എട്ട് വിക്കറ്റിന് ബികെ 55 കേരളയെ തോല്‍പിച്ചു. ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.
എറണാകുളം എസ് ജി ക്രിക്കറ്റ് സ്‌കൂളിനെ ഒരിന്നിങ്‌സിനും 75 റണ്‍സിനുമാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് തോല്‍പിച്ചത്. ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്റെ കൂറ്റന്‍ സ്‌കോറായ 410 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത എസ് ജി ക്രിക്കറ്റ് സ്‌കൂളിന്റെ ആദ്യ ഇന്നിങ്‌സ് 192 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത എസ് ജി ടീം 143 റണ്‍സിന് ഓള്‍ഔട്ടായി. 45 റണ്‍സെടുത്ത ആദിത്യ കൃഷ്ണനും 41 റണ്‍സെടുത്ത നിര്‍മ്മല്‍ അജിത്തും മാത്രമാണ് എസ് ജി ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ആത്രേയക്ക് വേണ്ടി ശ്രീഹരി പ്രസാദ് നാലും എം ആര്‍ ദേവാംഗദ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. വിശാല്‍ ജോര്‍ജിന്റെ തകര്‍പ്പന്‍ ഇരട്ടസെഞ്ച്വറിയുടെ (208) മികവിലായിരുന്നു ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 410 റണ്‍സ് നേടിയത്.
ബികെ 55 കേരളയ്‌ക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിന്റെ വിജയം. ബികെ 55 മുന്നോട്ടു വച്ച 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് ക്ലബ്ബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വിന്റേജിന് വേണ്ടി ഡാരന്‍ സ്‌കറിയ 75ഉം വി വി അഭിനവ് 54ഉം റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ബികെ 55 കേരളയുടെ സ്‌കോറായ 197 റണ്‍സിനെതിരെ ബാറ്റ് ചെയ്ത വിന്റേജ് 207 റണ്‍സെടുത്തിരുന്നു. രണ്ട് ഇന്നിങ്‌സുകളിലും അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ കാര്‍ത്തി മജുവിന്റെ പ്രകടനമാണ് മത്സരം വിന്റേജിന് അനുകൂലമാക്കിയത്.
ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 236 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ തൃപ്പൂണിത്തുറ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായി തിരിച്ചടിച്ചാണ് സമനില സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ തൃപ്പൂണിത്തുറ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്ത് നില്‌ക്കെ കളി സമനിലയില്‍ അവസാനിക്കുകയായിരുന്നു. 126 റണ്‍സെടുത്ത കൃഷ്ണദര്‍ശനാണ് തൃപ്പൂണിത്തുറയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മാധവ് വിനോദ് 55ഉം ഡാരിന്‍ എബ്രഹാം 52ഉം സായ് ഗോവിന്ദ് 50ഉം റണ്‍സ് നേടി. ലിറ്റില്‍ മാസ്റ്റേഴ്‌സിന് വേണ്ടി ആനന്ദ് സായ് നാല് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!