
കാന്‍ബെറ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീള്‍ഡര്‍മാരില്‍ ഒരാളാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. പറക്കും ക്യാച്ചുകളും റണ്ണൗട്ടുകളും സേവുകളുമായി ഓസ്ട്രേലിയയുടെ വിശ്വസ്തനായ ഫീള്‍ഡറെന്ന വിശേഷണം വാര്‍ണര്‍ക്കുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പക്ഷേ ക്യാച്ചെടുക്കാനുള്ള വാര്‍ണറുടെ ശ്രമം മൈതാനത്ത് കനത്ത ആശങ്കയുണ്ടാക്കി. ക്യാച്ച് ശ്രമത്തിനിടെ തലയടിച്ച് വീഴുകയായിരുന്നു വാര്‍ണര്‍.
ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 15-ാം ഓവറില്‍ മൊയീന്‍ അലിയുടെ ഷോട്ടാണ് വാര്‍ണറുടെ നേര്‍ക്ക് വന്നത്. എന്നാല്‍ പിന്നോട്ടോട് ചാടി ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാര്‍ണറുടെ ലാന്‍ഡിംഗ് പിഴച്ചു. ഏറെ ആശങ്ക പടര്‍ത്തുന്നതായി ഈ ദൃശ്യങ്ങള്‍. തലയുടെ പിന്‍വശം നിലത്തടിച്ചതോടെ ഫിസിയോ ഓടിയെത്തി വാര്‍ണറെ പരിശോധിച്ചു. പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ താരം കണ്‍കഷന്‍ വിജയിച്ച് ബാറ്റിംഗിന് തിരിച്ചെത്തി. എന്നാല്‍ ഓസീസ് ഓപ്പണര്‍ക്ക് തിളങ്ങാനായില്ല. 11 പന്തില്‍ വെറും 4 റണ്‍സേ താരം നേടിയുള്ളൂ. വെടിക്കെട്ട് ഓപ്പണറായ താരത്തിന് ഒരു ബൗണ്ടറി പോലും കണ്ടെത്താനായില്ല.
മത്സരത്തില്‍ ഓസീസ് 8 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സ് നേടിയപ്പോള്‍ ഓസീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 29 പന്തില്‍ 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, 13 പന്തില്‍ 22 നേടിയ മാര്‍ക്കസ് സ്റ്റോയിനിസ്, 23 പന്തില്‍ 40 പേരിലാക്കിയ ടിം ഡേവിഡ് എന്നിവരുടെ പോരാട്ടം പാഴായി. മാത്യൂ വെയ്‌ഡിനും(10 പന്തില്‍ 10*), പാറ്റ് കമ്മിന്‍സിനും(11 പന്തില്‍ 18*) ടീമിനെ വിജയിപ്പിക്കാനായില്ല. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റുമായി സാം കറന്‍ തിളങ്ങി.
നേരത്തെ 49 പന്തില്‍ 82 റണ്‍സെടുത്ത ഡേവിഡ് മലാനും 27 പന്തില്‍ 44 റണ്‍സെടുത്ത മൊയീന്‍ അലിയുമാണ് ഇംഗ്ലണ്ടിനെ 178ലെത്തിച്ചത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 17 റണ്‍സില്‍ പുറത്തായി. മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും ആദം സാംപ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സ് ഒന്നും വിക്കറ്റ് വീഴ്‌ത്തി.
ടി20 റാങ്കിംഗ്: ഇളക്കംതട്ടാതെ സൂര്യകുമാര്‍ യാദവിന്‍റെ കസേര; കുതിച്ച് ന്യൂസിലന്‍ഡ് ബാറ്റര്‍