853 റേറ്റിംഗ് പോയിന്‍റുമായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ തന്നെയാണ് പട്ടികയില്‍ മുമ്പില്‍

ദുബായ്: ഐസിസിയുടെ ടി20 റാങ്കിംഗില്‍ ബാറ്ററര്‍മാരില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. അതേസമയം ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേ ആദ്യ അഞ്ചിലേക്ക് കുതിച്ചെത്തി. ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനെതിരെ 49 ഉം ബംഗ്ലാദേശിനെതിരെ 64 ഉം റണ്‍സെടുത്തതോടെയാണ് കോണ്‍വേ റാങ്കിംഗില്‍ മേല്‍പ്പോട്ട് കയറിയത്. പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് ദേവോണ്‍ കോണ്‍വേ. 

പുതിയ ടി20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാറ്റമില്ല. 853 റേറ്റിംഗ് പോയിന്‍റുമായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ തന്നെയാണ് പട്ടികയില്‍ മുമ്പില്‍. 838 റേറ്റിംഗ് പോയിന്‍റുമായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടും 808 റേറ്റിംഗുമായി പാക് നായകന്‍ ബാബ‍ര്‍ അസം മൂന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ ഏയ്‌ഡന്‍ മാര്‍ക്രം നാലും സ്ഥാനങ്ങളില്‍ തുടരുന്നു. അഞ്ചാമതെത്തിയ കോണ്‍വേയ്‌ക്ക് 760 റേറ്റിംഗ് പോയിന്‍റാണുള്ളത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാനാണ്(726) തൊട്ടുപിന്നില്‍ ആറാമത്. ആദ്യ പത്ത് പേരില്‍ സൂര്യകുമാര്‍ യാദവല്ലാതെ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. സൂര്യകുമാര്‍ കഴിഞ്ഞാല്‍ 13-ാം സ്ഥാനത്തുള്ള കെ എല്‍ രാഹുലാണ് മികച്ച രണ്ടാമത്തെ സ്ഥാനത്തുള്ള ഇന്ത്യന്‍ താരം. 

അതേസമയം ബൗളര്‍മാരില്‍ ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡ് ഒന്നാമതും അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ രണ്ടാമതും ലങ്കയുടെ വനിന്ദു ഹസരങ്ക മൂന്നാംസ്ഥാനത്തും തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് നാലാമത്. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ അഫ്‌ഗാന്‍റെ മുഹമ്മദ് നബിയാണ് തലപ്പത്ത്. ബംഗ്ലാ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രണ്ടും ഇംഗ്ലണ്ടിന്‍റെ മൊയീന്‍ അലി മൂന്നാമതും തുടരുന്നു. അഞ്ചാമതുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് മികച്ച റാങ്കിലുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. 

ഇയാളെ ടീമിലെടുത്തൂടേ; ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മത്സരത്തിനിടെ ഗാലറിയില്‍ തക‍ര്‍പ്പന്‍ ക്യാച്ച്- വീഡിയോ