രക്ഷകനായി ജഡേജയെത്തും? കുത്തിവയ്‌പ്പെടുത്ത് നാളെ ബാറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്, ഒപ്പം നിരാശ വാര്‍ത്തയും

By Web TeamFirst Published Jan 10, 2021, 7:24 PM IST
Highlights

സിഡ്‌നിയില്‍ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന്‍ വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്‌ടമാകും. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഷോട്ട് ബോളില്‍ പരിക്കേറ്റ ജഡേജ സിഡ്‌നിയിലെ രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞിരുന്നില്ല. പരിക്ക് ഭേദമാകാന്‍ ജഡേജയ്‌ക്ക് നാല് മുതല്‍ ആറ് ആഴ്‌ചകള്‍ വരെ വേണ്ടിവരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

ചെന്നൈയില്‍ ഫെബ്രുവരി അഞ്ച് മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

സിഡ്‌നിയില്‍ ജഡേജ ബാറ്റിംഗിന് ഇറങ്ങും?

എന്നാല്‍ സിഡ്‌നി ടെസ്റ്റില്‍ പരിക്കിനെ അവഗണിച്ച് ജഡേജ ബാറ്റ് ചെയ്‌തേക്കുമെന്ന് സൂചനകളുണ്ട്. സിഡ്‌നിയില്‍ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന്‍ വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും എന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 28 റണ്‍സും നാല് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടരുകയായിരുന്നു താരം.

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ സമ്മര്‍ദത്തിലാണ് ടീം ഇന്ത്യ. വിജയലക്ഷ്യമായ 407 റൺസ് പിന്തുടരുന്ന ഇന്ത്യ എട്ട് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനം 309 റണ്‍സ് നേടണം. ഇന്ത്യ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലാണ്. 52 റൺസെടുത്ത രോഹിത് ശര്‍മ്മയും 31 റൺസെടുത്ത ശുഭ്മാന്‍ ഗില്ലും പുറത്തായി. ചേതേശ്വര്‍ പൂജാരയും(9), അജിങ്ക്യ രഹാനെയുമാണ്(4) ക്രീസില്‍. ഓരോ മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകളും പരമ്പരയില്‍ തുല്യത പാലിക്കുകയാണ്. 

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

click me!