സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കത്തിന് ശേഷം രണ്ട് വിക്കറ്റുകള്‍ നഷ്ടം. മൂന്നാം സെഷനില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് 98 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ ഇനിയും 309 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് വേണ്ടത്. ശുഭ്മാന്‍ ഗില്‍ (31), രോഹിത് ശര്‍മ (52) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (4), ചേതേശ്വര്‍ പൂജാര (9) എന്നിവരാണ് ക്രീസീല്‍. നേരത്തെ ഓസീസ് ആറിന് 312 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

അടിച്ചും പ്രതിരോധിച്ചും ഗില്‍- രോഹിത് സഖ്യം

മികച്ച തുടക്കമാണ് ഗില്‍- രോഹിത് സഖ്യം ഇന്ത്യക്ക് നല്‍കിയത്. മോശം പന്തുകള്‍ മാത്രം നോക്കി ശിക്ഷിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും ക്രീസിലുണ്ടായിരുപ്പോള്‍ ടീമിന് ജയസാധ്യത പോലും ഉണ്ടായിരുന്നു. എന്നാല്‍ ഗില്ലിനെ മടക്കിയയച്ച് ജോഷ് ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു. 64 പന്തില്‍ നാല് ഫോറ് അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. 

രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറി

ഒരുപാട് പ്രതീക്ഷ നല്‍കിയാണ് രോഹിത് പുറത്തായത്. ഇതിനിടെ അര്‍ധ സെഞ്ചുറിയും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു രോഹിത്തിന്റെ ബാറ്റിങ്. 98 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. പിന്നാലെ പാറ്റ് കമ്മിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ പുറത്താവുകയായിയിരുന്നു. നാലാം ദിവസത്തെ കളി അവസാനിപ്പിക്കാന്‍ 22 പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞത്. സ്റ്റാര്‍ക്കിനായിരുന്നു ക്യാച്ച്. സ്റ്റംപെടുക്കുമ്പോള്‍ അജിന്‍ക്യ രഹാനെ (4), ചേതേശ്വര്‍ പൂജാര (9) എന്നിവരാണ് ക്രീസില്‍. 

അവസാന ദിനം ചെറുത്തുനില്‍പ്പ് പ്രയാസം

അവസാനദിനം മത്സരം സമനിലയില്‍ അവസാനിപ്പിക്കാനായിരിക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രമിക്കുക. എന്നാല്‍ അവസാനദിനം ഒട്ടും അനായാസമായിരിക്കില്ല. ലിയോണിന്റെ പന്തുകള്‍ തന്നെയായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാവുക. മാത്രമല്ല, ഇന്ത്യക്ക് രവീന്ദ്ര ജഡേജയുടെ സേവനവും ലഭിക്കില്ല. പൂജാര- രഹാനെ സഖ്യം ടീമിന്റെ പ്രധാന ആശ്രയം. ഹനുമ വിഹാരിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഋഷഭ് പന്തും മികച്ച തുടക്കമിട്ടശേഷം മടങ്ങുന്ന കാഴ്ച്ചയാണ് കാണുന്നത്. എന്തായാലും അവസാനദിനം ആവശേകരമായ അന്ത്യത്തിലേക്കാണ് പോകുന്നത്. 

ലബുഷെയ്ന്‍- സ്മിത്ത് കൂട്ടുകെട്ട്, പിന്നാലെ പ്രഹരം

രണ്ടിന് 103 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ലബുഷെയ്ന്‍- സ്മിത്ത് സഖ്യം ഓസീസിനെ മുന്നോട്ട് നയിച്ചു.  ഇരുവരും 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ലബുഷെയ്‌നിനെ പുറത്താക്കി നവ്ദീപ് സൈനി ഇന്ത്യക്ക് ബ്രേക്ക്് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ലബുഷെയ്ന്‍. പിന്നാലെയെത്തിയ മാത്യു വെയ്ഡിന് പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സ് മാത്രം നേടിയ വെയ്ഡും സൈനിക്ക് വിക്കറ്റ് നല്‍കി. ഇതോടെ നാലിന് 148 എന്ന നിലയിലായി ഓസീസ്. 

സെഞ്ചുറിക്കരികെ സ്മിത്ത് വീണു

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിസിലും സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കില്‍ സ്മിത്തിന് പിഴച്ചു. താരം അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലുമായി ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്മിത്ത് ഒന്നാമതെത്തി. പത്ത് തവണ അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 

കത്തിക്കയറി ഗ്രീന്‍- പെയ്ന്‍ സഖ്യം

ആധികാരികമായ ലീഡ് ആയതോടെ ഏകദിന ശൈലിയിലാണ് പെയ്ന്‍ ബാറ്റ് വീശിയത്. അതുവരെ ശ്രദ്ധയോടെ കളിച്ചിരുന്നു കാമറൂണ്‍ ഗ്രീനും അവസാനങ്ങളില്‍ കത്തിക്കയറി. ഗ്രീന്‍ 132 പന്തില്‍ നാല് സിക്‌സിന്റേയും എട്ട് ഫോറിന്റേയും സഹായത്തോടെ 81 റണ്‍സ് നേടി. പെയ്ന്‍ 52 പന്തില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു. ഇരുവരും 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പെയ്ന്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇന്ത്യ കമ്മിന്‍സിന് മുമ്പില്‍ വീണു

പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിങ്ങാണ് ഇന്ത്യ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (22), ചേതേശ്വര്‍ പൂജാര (50), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. കൂടാതെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കുന്നതിനും താരം പങ്കാളിയായി. രഹാനെയുടെ പ്രതിരോധ പൊളിച്ചാണ് കമ്മിന്‍സ് മൂന്നാം ദിനം ആരംഭിച്ചത്. ലോക ഒന്നാം നമ്പര്‍ ബൗളറുടെ പന്തില്‍ രഹാനെ ബൗള്‍ഡാവുകയായിരുന്നു. ബാറ്റ്സ്മാന്റെ പ്രതീക്ഷ തെറ്റിച്ച് അധികം ബൗണ്‍സ് ചെയ്യാത്ത ഒരു പന്ത് രഹാനെയുടെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് വീണു. ഒരു ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് രഹാനെ 22 റണ്‍സ് നേടിയത്. പൂജാരയ്ക്കൊപ്പം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ നാലാം തവണയാണ് കമ്മിന്‍സ് പൂജാരയെ മടക്കുന്നത്. വാലറ്റക്കാരന്‍ സിറാജിനെ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകകളിലെത്തിച്ച് കമ്മിന്‍സ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്നലെ ശുഭ്മാന്‍ ഗില്ലിനേയും കമ്മിന്‍സ് മടക്കിയിരുന്നു.

നിരാശപ്പെടുത്തി മധ്യനിരയും വാലറ്റവും

തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും വിഹാരി നിരാശപ്പെടുത്തി. ഇത്തവണ അനായാസ റണ്‍സിന് ശ്രമിച്ചാണ് താരം മടങ്ങിയത്. നതാന്‍ ലിയോണിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട താരം ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് ഡൈവ് ചെയ്ത് കയ്യിലൊതുക്കിയ ജോഷ് ഹേസല്‍വുഡ് നോണ്‍സ്ട്രൈക്കിലെ വിക്കറ്റിലേക്കെറിഞ്ഞു. വിഹാരിയുടെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു. പന്ത് ക്രീസിലെത്തിയതോടെ സ്‌കോര്‍ബോര്‍ഡില്‍ മാറ്റം വന്നു. 67 പന്തില്‍ 36 റണ്‍സാണ് പന്തെടുത്തുത്. എന്നാല്‍ ഒരിക്കല്‍കൂടി മികച്ച കിട്ടിയിട്ടും പന്തിന് അത് മുതലാക്കാന്‍ സാധിച്ചില്ല. ഹേസല്‍വുഡിന്റ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കി താരം മടങ്ങി. പന്തിന്റെ വിക്കറ്റിന് ശേഷം എല്ലാം ചടങ്ങ് മാത്രമായിരുന്നു. രവീന്ദ്ര ജഡേജയില്‍ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ മറ്റുതാരങ്ങള്‍ക്കായില്ല. ആര്‍ അശ്വിന്‍ (10) റണ്ണൗട്ടായപ്പോള്‍ നവ്ദീപ് സൈന (3) സ്റ്റാര്‍ക്കിന്റെ പന്തില്‍ മാത്യു വെയ്ഡിന് ക്യാച്ച് നല്‍കി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ജസ്പ്രീത് ബുമ്ര റണ്‍സൊന്നുമെടുക്കാതെ റണ്ണൗട്ടായി. ജഡേജ (28) പുറത്താവാതെ നിന്നു.