സ്‌മിത്ത് പുതുവര്‍ഷം തുടങ്ങി! 27-ാം ടെസ്റ്റ് ശതകം; സിഡ്‌നിയില്‍ ഓസീസ് പൊരുതുന്നു

By Web TeamFirst Published Jan 8, 2021, 8:38 AM IST
Highlights

രണ്ട് വിക്കറ്റിന് 166 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ ഓസീസിനെ ജഡേജയുടെ ഓവറുകള്‍ പ്രതിരോധത്തിലാക്കിയിരുന്നു. 

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഓസീസ് സൂപ്പര്‍താരം സ്റ്റീവ് സ്‌മിത്തിന്‍റെ തിരിച്ചുവരവ്. പരമ്പരയില്‍ ആദ്യമായി രണ്ടക്കം കണ്ട സ്‌മിത്ത് 201 പന്തില്‍ നിന്നാണ് 27-ാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. രണ്ടാംദിനം ആദ്യ സെഷനില്‍ ജഡേജ നല്‍കിയ പ്രഹരത്തില്‍ വിറച്ച ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 291 റണ്‍സെന്ന നിലയിലാണ്. സ്‌മിത്തിനൊപ്പം(102*), സ്റ്റാര്‍ക്കാണ്(10*) ക്രീസില്‍. 

ഇരട്ട പ്രഹരവുമായി ജഡേജ

രണ്ട് വിക്കറ്റിന് 166 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ ഓസീസിനെ ജഡേജയുടെ ആദ്യ ഓവറുകള്‍ പ്രതിരോധത്തിലാക്കി. 67 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ മാര്‍നസ് ലബുഷെയ്‌നെ രഹാനെയുടെ കൈകളിലെത്തിച്ച് ജഡേജ ആദ്യ പ്രഹരം നല്‍കി. 196 പന്തില്‍ 91 റണ്‍സായിരുന്നു മാര്‍നസിന്‍റെ സമ്പാദ്യം. വൈകാതെ മാത്യൂ വെയ്‌ഡിനെയും ജഡേജ തന്നെ പറഞ്ഞയച്ചു. ബുമ്രക്കായിരുന്നു ക്യാച്ച്. വെയ്ഡ് നേടിയത് 13 റണ്‍സ്. 

ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് സ്‌മിത്ത്!

സ്‌മിത്തിനൊപ്പം പ്രതിരോധത്തിന് ശ്രമിച്ച കാമറൂണ്‍ ഗ്രീനിനെ ബുമ്ര എല്‍ബിയില്‍ കുടുക്കിയതോടെ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 21 പന്ത് നേരിട്ട ഗ്രീന്‍ റണ്ണൊന്നും നേടിയില്ല. രണ്ടാം സെഷനിന്‍റെ തുടക്കവും ഇന്ത്യക്ക് അനുകൂലമായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നെ(1) ഒന്നാന്തരമൊരു പന്തില്‍ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. വീണ്ടും പന്തെടുത്തപ്പോള്‍ പാറ്റ് കമ്മിന്‍സിനെയും ജഡേജ മടക്കി. പൂജ്യത്തിലാണ് കമ്മിന്‍സ് ബൗള്‍ഡായത്. എന്നാല്‍ ഇതിന് ശേഷം സ്‌മിത്ത് സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 

ആദ്യദിനം ആദ്യ സെഷനില്‍ മഴക്കളി

സിഡ്നിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ആശ്വാസം സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവായിരുന്നു. വാര്‍ണര്‍ക്ക് പങ്കാളിയായി എത്തിയത് 22 വയസ് മാത്രമുള്ള അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്സ്‌കി. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ മഴ രസംകൊല്ലിയായെത്തി. 7.1 ഓവര്‍ എറിഞ്ഞ് നില്‍ക്കേ മഴ കളി മുടക്കിയെങ്കിലും ഇതിനിടെ ഓസ്ട്രേലിയക്ക് ആദ്യ പ്രഹരം നല്‍കിയിരുന്നു ഇന്ത്യ. 

വാര്‍ണര്‍ക്ക് സിറാജ് പൂട്ട് 

പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ ശേഷമായിരുന്നു സിഡ്നിയില്‍ വാര്‍ണര്‍ ഇറങ്ങിയത്. അഡ്ലെയ്ഡിലും മെല്‍ബണിലും ഇടറിയ ഓപ്പണിംഗ് സഖ്യം കൂട്ടിയിണക്കാന്‍ വാര്‍ണറുടെ വരവോടെ കഴിയും എന്നായിരുന്നു ഓസീസ് പ്രതീക്ഷ. എന്നാല്‍ വാര്‍ണറെ കാലുറയ്ക്കും മുമ്പ് സിറാജ് പായിച്ചു. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഡ്രൈവിന് ശ്രമിച്ച വാര്‍ണര്‍(5) എഡ്ജായി സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ ഭദ്രം. ഈസമയം വെറും ആറ് റണ്‍സ് മാത്രമേ ഓസീസ് അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ. 

'ഭാഗ്യ'താരം പുകോവ്സ്‌കി

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പുകോവ്സ്‌കി-ലബുഷെയ്ന്‍ സഖ്യം ഓസീസിനെ കരകയറ്റി. ലബുഷെയ്ന്‍ കരുലതോടെ തുടങ്ങിയപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു പുകോവ്സ്‌കിയുടെ മുന്നേറ്റം. പുകോവ്സ്‌കിയെ 26ല്‍ നില്‍ക്കേ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈവിട്ടിരുന്നു. 32ല്‍ നില്‍ക്കേ മറ്റൊരു അവസരവും പന്ത് പാഴാക്കി. 38ല്‍ നില്‍ക്കേ റണ്‍ ഔട്ടാക്കാനുള്ള അവസരം ബുമ്ര പാഴാക്കി. സെയ്നിയെ ബൗണ്ടറി കടത്തി 97 പന്തില്‍ പുകോവ്സ്‌കി കന്നി ഇന്നിംഗ്സില്‍ ഫിഫ്റ്റി തികച്ചു. പിന്നാലെ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.

കന്നി വിക്കറ്റുമായി സൈനി

എന്നാല്‍ 35-ാം ഓവറിലെ രണ്ടാം പന്തില്‍ പുകോവ്സ്‌കിയെ എല്‍ബിയില്‍ കുടുക്കി നവ്ദീപ് സൈനി. അരങ്ങേറ്റ മത്സരം കളിക്കുന്ന സൈനിയുടെ കന്നി വിക്കറ്റായിരുന്നു ഇത്. അരങ്ങേറ്റക്കാരന്റെ വിക്കറ്റ് മറ്റൊരു അരങ്ങേറ്റക്കാരന്‍ വീഴ്ത്തുന്ന അപൂര്‍വത കൂടിയായി ഇത്. സിറാജ് എറിഞ്ഞ 43-ാം ഓവറില്‍ ബൗണ്ടറിലൂടെ അര്‍ധ സെഞ്ചുറി പിന്നിട്ടു ലബുഷെയ്ന്‍. സ്‌മിത്ത്-ലബുഷെയ്ന്‍ സഖ്യം സുരക്ഷിതമായി ആദ്യദിനം അവസാനിപ്പിക്കുകയായിരുന്നു. 


 

click me!