
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ചാം ദിനം ഓസ്ട്രേലിയക്കെതിരെ നടുങ്ങി ടീം ഇന്ത്യ. അവസാന ദിനം ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ 280 റണ്‍സ് തേടി ഇറങ്ങിയ ടീം ഇന്ത്യക്ക് തുടക്കത്തിലെ ഇരട്ട തിരിച്ചടി നേരിട്ടു. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ ഒരേ ഓവറില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ട് കൊണ്ടുപോയി. വഴിയെ പോയ പന്തില്‍ ബാറ്റ് വച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു കിംഗ് കോലി.
നാലാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. 60 പന്തില്‍ 44 റണ്‍സുമായി കോലിയും 59 ബോളില്‍ 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍. എന്നാല്‍ അവസാന ദിനത്തിലെ ആദ്യ സെഷന്‍ തന്നെ ടീം ഇന്ത്യക്ക് തിരിച്ചടികളുടേതായി. 78 പന്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കേ വിരാട് കോലിയെ സ്കോട്ട് ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കൈകളില്‍ എത്തിച്ചു. ഒരു പന്തിന്‍റെ ഇടവേളയില്‍ രവീന്ദ്ര ജഡേജയെ ബോളണ്ട് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലാക്കി. 2 പന്ത് നേരിട്ട ജഡ്ഡുവിന് അക്കൗണ്ട് തുറക്കാനായില്ല. ഇതോടെ ടീം ഇന്ത്യ 47 ഓവറില്‍ 183-5 എന്ന നിലയില്‍ പരുങ്ങുകയാണ്. ജയിക്കണമെങ്കില്‍ ഇന്ത്യക്ക് ഇനി 261 റണ്‍സ് കൂടി വേണം.
ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റിംഗ് ഏറ്റവും ദുഷ്‌ക്കരമായ ദിവസങ്ങളിലൊന്നായ അഞ്ചാം ദിനം ഇന്ത്യ കളത്തിലെത്തുമ്പോള്‍ വിരാട് കോലി-അജിങ്ക്യ രഹാനെ സഖ്യമായിരുന്നു ക്രീസില്‍. കോലി ക്രീസില്‍ നില്‍ക്കേ ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാം ദിനത്തെ ബാറ്റിംഗില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോലി എന്നതായിരുന്നു ഇതിന് കാരണം. ചേസ് മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മുന്‍ നായകന് ടെസ്റ്റ് കരിയറില്‍ അഞ്ചാം ദിനം 675ലേറെ റണ്‍സുണ്ടായിരുന്നു. എന്നാല്‍ കോലിയെയും തൊട്ടുപിന്നാലെ ജഡേജയേയും പുറത്താക്കി ഓസീസ് മത്സരത്തില്‍ മുന്‍തൂക്കം നേടിയിരിക്കുകയാണ്.
Read more: കിംഗിന്‍റെ തലയില്‍ ഒരു പൊന്‍തൂവല്‍ കൂടി; കോലി സച്ചിനും ഗാവസ്‌കറും ദ്രാവിഡുമുള്ള എലൈറ്റ് പട്ടികയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!