കിംഗിന്‍റെ തലയില്‍ ഒരു പൊന്‍തൂവല്‍ കൂടി; കോലി സച്ചിനും ഗാവസ്‌കറും ദ്രാവിഡുമുള്ള എലൈറ്റ് പട്ടികയില്‍

Published : Jun 11, 2023, 03:15 PM ISTUpdated : Jun 11, 2023, 03:21 PM IST
കിംഗിന്‍റെ തലയില്‍ ഒരു പൊന്‍തൂവല്‍ കൂടി; കോലി സച്ചിനും ഗാവസ്‌കറും ദ്രാവിഡുമുള്ള എലൈറ്റ് പട്ടികയില്‍

Synopsis

 അവസാന ദിനം ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ 280 റണ്‍സ് കൂടി ഇന്ത്യക്ക് വേണം

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ അവസാന ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്കായി പൊരുതുന്ന വിരാട് കോലിക്ക് നാഴികക്കല്ല്. ടെസ്റ്റില്‍ നാലാം ഇന്നിംഗ്‌സില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന അഞ്ചാം ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തി കിംഗ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, വിവിഎസ് ലക്ഷ്‌മണ്‍ എന്നിവരാണ് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. സച്ചിന് 1625 ഉം ദ്രാവിഡിന് 1552 ഉം ഗാവസ്‌കറിന് 1398 ഉം വിവിഎസ് ലക്ഷ്‌മണ് 1095 റണ്‍സുമാണുള്ളത്. ഓവലിലെ അവസാന ദിനം തിളങ്ങിയാല്‍ കോലിക്ക് ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണിനെ മറികടക്കാം. അവസാന ദിനം ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ 280 റണ്‍സ് കൂടി ഇന്ത്യക്ക് വേണം. കോലിക്കൊപ്പം അജിങ്ക്യ രഹാനെയാണ് ക്രീസില്‍. 

ഫൈനലിലെ രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ശുഭ്‌മാന്‍ ഗില്ലിനെ തുടക്കത്തിലെ നഷ്‌ടമായെങ്കിലും രോഹിത് ശര്‍മ്മയും മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ വിവാദ ക്യാച്ചിലൂടെയായിരുന്നു ശുഭ്‌മാന്‍ ഗില്‍ പുറത്തായത്. 19 പന്തില്‍ രണ്ട് ഫോര്‍ സഹിതം 18 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം. ക്യാച്ച് പൂര്‍ത്തിയാക്കവേ പന്ത് ഗ്രീനിന്‍റെ കയ്യില്‍ നിന്ന് മൈതാനത്ത് മുട്ടിയോ എന്ന സംശയമാണ് വിവാദത്തിന് വഴിവെച്ചത്. സ്‌പിന്നര്‍ നേഥന്‍ ലിയോണിന് മുന്നില്‍ എല്‍ബിയിലൂടെയായിരുന്നു രോഹിത്തിന്‍റെ മടക്കം. 60 പന്തില്‍ ഹിറ്റ്‌മാന്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 43 റണ്‍സ് പേരിലാക്കി. 

നേരത്തെ, രണ്ടാം ഇന്നിംഗ്‌സില്‍ 8 വിക്കറ്റിന് 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌ത് ഓസീസ് ഇന്ത്യക്ക് മുന്നില്‍ 444 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18), മാര്‍നസ് ലബുഷെയ്‌ന്‍(41), കാമറൂണ്‍ ഗ്രീന്‍(25), മിച്ചല്‍ സ്റ്റാര്‍ക്ക്(41), പാറ്റ് കമ്മിന്‍സ്(5) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം ഓസീസിന് നഷ്‌ടമായപ്പോള്‍ അലക്‌സ് ക്യാരി 105 പന്തില്‍ 8 ഫോറുകള്‍ സഹിതം 66* റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി സ്‌പിന്നര്‍ രവീന്ദ്ര ജഡേജ മൂന്നും പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി. നേരത്തെ ഓസ്‌ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു. 

Read more: രണ്ട് പേരും നിര്‍ത്തിപോവാനായി! വിക്കറ്റ് വലിച്ചെറിഞ്ഞെതിന് പിന്നാലെ രോഹിത്തിനും പൂജാരയ്ക്കും ട്രോള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി
ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??