Aus vs Pak: 24 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക്

By Web TeamFirst Published Nov 8, 2021, 6:30 PM IST
Highlights

അടുത്തിടെ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും സുരക്ഷാകാരണങ്ങളാൽ പാക് പര്യടനം ഉപേക്ഷിച്ച സാഹചര്യത്തിൽ ഓസ്ട്രേലിയയുടെ തീരുമാനം ശ്രദ്ധേയമാണ്.

മെല്‍ബണ്‍: 24 വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍(Pakistan) പര്യടനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ(Australia). അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഓസീസ് ടീം പാകിസ്ഥാനിൽ എത്തുക. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും ഒരു ട്വന്‍റി 20യും അടങ്ങുന്നതാണ് പര്യടനം. 1998ന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ പര്യടനത്തിനായി ഓസീസ് ടീം പാകിസ്ഥാനില്‍ എത്തുന്നത്.

കറാച്ചി, റാവൽപിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലാകും മത്സരങ്ങള്‍. മാര്‍ച്ച് മൂന്നു ഏഴ് വരെ കറാച്ചിയില്‍ ആദ്യ ടെസ്റ്റും മാര്‍ച്ച് 12 മുതല്‍ 16 വരെ റാവല്‍പിണ്ടിയില്‍ രണ്ടാം ടെസ്റ്റും മാര്‍ച്ച് 21മുതല്‍ 25വരെ ലാഹോറില്‍ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാകും ഏകദിന, ടി20 മത്സരങ്ങള്‍.

അടുത്തിടെ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും സുരക്ഷാകാരണങ്ങളാൽ പാക് പര്യടനം ഉപേക്ഷിച്ച സാഹചര്യത്തിൽ ഓസ്ട്രേലിയയുടെ തീരുമാനം ശ്രദ്ധേയമാണ്. ടെസ്റ്റ് മത്സരങ്ങൾ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെയും ഏകദിനങ്ങള്‍ 2023ലെ ഏകദിന ലോകകപ്പിന് യോഗ്യത ഉറപ്പാക്കാനുള്ള സൂപ്പര്‍ ലീഗിന്‍റെയും ഭാഗമാകും.

"Cricket Australia is excited about the prospect of touring Pakistan next year for what will be a highly anticipated series in a country so incredibly passionate about the game and their national team."

Nick Hockley, Cricket Australia CEO 🇦🇺 pic.twitter.com/afmx9LUzEl

— Cricket Australia (@CricketAus)

1998-1999ല്‍ മാര്‍ക് ടെയ്‌ലറുടെ നേതൃത്വത്തിലാണ് അവസാനമായി ഓസ്ട്രേലിയന്‍ ടീം പാക്കിസ്ഥാനിലെത്തിയത്. അന്ന് 40 വര്‍ഷത്തിനുശേഷം ആദ്യമായി ഓസ്ട്രേലിയ പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര നേടി(1-0) ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ നാല് പരമ്പരകളും പാക്കിസ്ഥാന്‍ നിഷ്പക്ഷ വേദിയിലാണ് കളിച്ചത്.

2002-2003(കൊളംബോ-ഷാര്‍ജ), 2010(ഇംഗ്ലണ്ട്), 2015(യുഎഇ), 2018-2019(യുഎഇ) എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയക്കെതിരെ കളിച്ചത്.

click me!