രണ്ടാള്‍ക്കും ഡബിള്‍; 1934ല്‍ പിറന്ന എലൈറ്റ് പട്ടികയിലേക്ക് സ്‌മിത്തും ലബുഷെയ്‌നും

By Jomit JoseFirst Published Dec 1, 2022, 5:02 PM IST
Highlights

പെര്‍ത്ത് ടെസ്റ്റിന്‍റെ രണ്ടാംദിനമാണ് മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും ഇരട്ട സെഞ്ചുറി അടിച്ചുകൂട്ടിയത്

പെര്‍ത്ത്: എന്തൊരു അഴകാണിത്, ടെസ്റ്റ് ക്രിക്കറ്റിന് മാത്രം സാധ്യമാകുന്നത്. രണ്ട് ബാറ്റര്‍മാര്‍ പരസ്‌പരം സ്ട്രൈക്കുകള്‍ കൈമാറുന്നു, തെല്ലുപോലും എതിരാളികള്‍ക്ക് പിടികൊടുക്കാതെ ഇരുവരും ഇരട്ട സെഞ്ചുറി നേടുന്നു. പെര്‍ത്തിലെ ഓസ്ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം ഈ സുന്ദര കാഴ്‌ചയ്ക്ക് സാക്ഷികളാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ അഞ്ചാം തവണ മാത്രമാണ് ഒരേ ഇന്നിംഗ്‌സില്‍ രണ്ട് ഓസീസ് ബാറ്റര്‍മാര്‍ ഇരട്ട ശതകം കണ്ടെത്തുന്നത്. 

പെര്‍ത്ത് ടെസ്റ്റിന്‍റെ രണ്ടാംദിനമാണ് മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും ഇരട്ട സെഞ്ചുറി അടിച്ചുകൂട്ടിയത്. ലബുഷെയ്‌ന്‍ 350 പന്തില്‍ 20 ഫോറും ഒരു സിക്‌സറും സഹിതം 204 റണ്‍സില്‍ പുറത്തായപ്പോള്‍ സ്‌മിത്ത് 311 ബോളില്‍ 16 ബൗണ്ടറികളോടെ 200* റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 

ടെസ്റ്റിന്‍റെ ഒരേ ഇന്നിംഗ്‌സില്‍ രണ്ട് ഓസീസ് ബാറ്റര്‍മാര്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്നതിന് ആദ്യം ക്രിക്കറ്റ് ലോകം സാക്ഷികളായത് 1934ലായിരുന്നു. ഇന്ന് ഇംഗ്ലണ്ടായിരുന്നു ഓസീസിന്‍റെ എതിരാളികള്‍. ഒരറ്റത്ത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനും(244), മറുവശത്ത് ബില്‍ പോണ്‍സ്‌പോഡും(266) ഡബിളടിച്ചു. പിന്നീട് 1946ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ചരിത്രം ആവര്‍ത്തിച്ചു. അന്നും ഒരറ്റത്ത് ബ്രാഡ്‌മാനുണ്ടായിരുന്നു(234), സഹ ഇരട്ട സെഞ്ചുറി വീരന്‍ സിഡ് ബേണ്‍സും 234 റണ്‍സാണ് നേടിയത് എന്നത് മറ്റൊരു കൗതുകം. 1965ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബില്‍ ലോറിയും(210), ബോബ് സിംപ്‌സണും(201) ഇരട്ട ശതകങ്ങള്‍ നേടിയതാണ് മൂന്നാം സംഭവം. പിന്നീട് ഇത്തരമൊരു അപൂര്‍വതയ്‌ക്കായി ഓസീസ് ക്രിക്കറ്റിന് 2012 വരെ കാത്തിരിക്കേണ്ടി വന്നു. 2012ല്‍ ഇന്ത്യക്കെതിരെ റിക്കി പോണ്ടിംഗ്(221), മൈക്കല്‍ ക്ലാര്‍ക്ക്(210) റണ്‍സ് വീതം നേടി. ആ പട്ടികയിലേക്കാണ് 2022 ഡിസംബര്‍ ഒന്നിന് വിന്‍ഡീസിനെതിരെ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ്‌ സ്‌മിത്തും ഇടംപിടിച്ചത്. 

പെര്‍ത്തില്‍ ലബുഷെയ്‌ന്‍-സ്‌മിത്ത് സഖ്യം ഡബിള്‍ സെഞ്ചുറി നേടിയപ്പോള്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 152.4 ഓവറില്‍ നാല് വിക്കറ്റിന് 598 റണ്‍സ് കെട്ടിപ്പടുത്തു. സ്‌മിത്തിന്‍റെ നാലാമത്തെയും ലബുഷെയ്‌ന്‍റെ രണ്ടാമത്തേയും ഇരട്ട ശതകമാണിത്. ഇരുവരും 251 റണ്‍സിന്‍റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. ട്രാവിഡ് ഹെഡ് 99ലും ഉസ്‌മാന്‍ ഖവാജ 65ലും ഡേവിഡ് വാര്‍ണര്‍ 5 റണ്‍സിലും പുറത്തായി. മറുപടി ബാറ്റിംഗില്‍ രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ വിന്‍ഡീസ് 25 ഓവറില്‍ 74-0 എന്ന നിലയിലാണ്. 73 പന്തില്‍ 47 റണ്‍സുമായി ടഗ്‌നരെയ്‌ന്‍ ചന്ദര്‍പോളും 79 പന്തില്‍ 18 റണ്ണുമായി നായകന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റുമാണ് ക്രീസില്‍.

സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ 'ഡോണ്‍'; ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി സ്റ്റീവ് സ്‌മിത്ത്


 

click me!