സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ 'ഡോണ്‍'; ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി സ്റ്റീവ് സ്‌മിത്ത്

By Jomit JoseFirst Published Dec 1, 2022, 4:29 PM IST
Highlights

ബ്രാഡ്‌മാന്‍ 52 ഉം സ്‌മിത്ത് 88 ഉം മത്സരങ്ങളിലാണ് ഇത്രയും ശതകങ്ങള്‍ അടിച്ചുകൂട്ടിയത്

പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനത്തോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ഓസീസ് സ്റ്റാര്‍ സ്റ്റീവ് സ്‌മിത്ത്. ഇരുവര്‍ക്കും ഇപ്പോള്‍ 29 ടെസ്റ്റ് സെഞ്ചുറികള്‍ വീതമായി. ബ്രാഡ്‌മാന്‍ 52 ഉം സ്‌മിത്ത് 88 ഉം മത്സരങ്ങളിലാണ് ഇത്രയും ശതകങ്ങള്‍ അടിച്ചുകൂട്ടിയത്. 168 ടെസ്റ്റില്‍ 41 സെഞ്ചുറികളുള്ള റിക്കി പോണ്ടിംഗും 168 ടെസ്റ്റില്‍ 32 സെഞ്ചുറികളുള്ള സ്റ്റീവ് വോയും 103 ടെസ്റ്റില്‍ 30 സെഞ്ചുറികളുമായി മാത്യൂ ഹെയ്‌ഡനും മാത്രമാണ് ഓസീസ് താരങ്ങളില്‍ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സ്‌മിത്തിന് മുന്നിലുള്ളൂ. 

ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയാണ് പെര്‍ത്തില്‍ സ്റ്റീവ് സ്‌മിത്ത് നേടിയത്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഇതോടെ സ്‌മിത്തിന്‍റെ പേരിലായി. രണ്ടാമതുള്ള ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിന് 28 ഉം മൂന്നാമന്‍ ഇന്ത്യയുടെ വിരാട് കോലിക്ക് 27 ഉം നാലാമന്‍ ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണിന് 24  ഉം ടെസ്റ്റ് ശതകങ്ങളാണുള്ളത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ താന്‍ തന്നെയെന്ന് അരക്കിട്ടുറപ്പിച്ചാണ് സ്റ്റീവ് സ്‌മിത്തിന്‍റെ പടയോട്ടം. ടെസ്റ്റിലെ 155 ഇന്നിംഗ്‌സുകളില്‍ 61.48 ശരാശരിയില്‍ 29 സെഞ്ചുറികളും നാല് ഇരട്ട സെഞ്ചുറികളും 36 അര്‍ധ സെഞ്ചുറികളും സഹിതം 8361 റണ്‍സ് സ്‌മിത്ത് സ്വന്തമാക്കിക്കഴിഞ്ഞു. 

പെര്‍ത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 152.4 ഓവറില്‍ വെറും നാല് വിക്കറ്റിന് 598 റണ്‍സ് പടുത്തുയര്‍ത്തി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഞ്ചിനും ഉസ്‌മാന്‍ ഖവാജ 65നും പുറത്തായപ്പോള്‍ ഇരട്ട സെഞ്ചുറികളുമായി മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ ട്രാവിഡ് ഹെഡുമാണ് ഓസീസിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ലബുഷെയ്‌ന്‍ 350 പന്തില്‍ 204 റണ്‍സ് നേടി. താരത്തിന്‍റെ കരിയറിലെ രണ്ടാം ഇരട്ട സെ‌ഞ്ചുറിയാണിത്. മറുവശത്ത് സ്റ്റീവ്‌ സ്‌മിത്ത് 311 പന്തില്‍ പുറത്താവാതെ 200* നേടി. ഇരുവരും 251 റണ്‍സിന്‍റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. സ്‌മിത്തിന്‍റെ നാലാം ഡബിളാണിത്. 

മറുപടി ബാറ്റിംഗില്‍ നല്ല തുടക്കമാണ് കരീബിയന്‍ ടീമിന് കിട്ടിയിരിക്കുന്നത്. വിന്‍ഡീസ് വിക്കറ്റ് നഷ്‌ടമില്ലാതെ 25 ഓവറില്‍ 74 റണ്‍സെന്ന നിലയില്‍ നില്‍ക്കേ രണ്ടാംദിനം സ്റ്റംപ് എടുത്തു. 73 പന്തില്‍ 47 റണ്‍സുമായി ടഗ്‌നരെയ്‌ന്‍ ചന്ദര്‍പോളും 79 പന്തില്‍ 18 റണ്ണുമായി നായകന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റുമാണ് ക്രീസില്‍. ഓസീസ് സ്കോറിനേക്കാള്‍ 524 റണ്‍സ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും നായകന്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലിയോണും പന്തെറിഞ്ഞിട്ടും വിന്‍ഡീസ് ഓപ്പണിംഗ് കൂട്ടുകെട്ട് രണ്ടാംദിനം മൂന്നാം സെഷനില്‍ ഓസീസിന് പൊളിക്കാനായില്ല.

ലബുഷെയ്‌നും സ്‌മിത്തിനും ഇരട്ട സെഞ്ചുറി, റണ്‍മല തീര്‍ത്ത് ഓസീസ്; നല്ല തുടക്കവുമായി വിന്‍ഡീസ്

click me!