പിങ്ക് പന്തില്‍ അടിപതറി ഇന്ത്യ; ബാറ്റിംഗില്‍ കൂട്ടത്തകര്‍ച്ച

By Web TeamFirst Published Dec 11, 2020, 11:13 AM IST
Highlights

പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആദ്യദിനം ഒന്നാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 111 റണ്‍സെന്ന നിലയിലാണ്. 

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹമത്സരത്തില്‍ ടീം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. അഡ്‌ലെയ്‌ഡ് ടെസ്റ്റിന് ഒരുക്കമെന്ന നിലയില്‍ പിങ്ക് പന്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആദ്യദിനം ഒന്നാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 111 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. 

ഓസ്‌ട്രേലിയ എ പേസര്‍മാരുടെ പിങ്ക് പന്തില്‍ ലൈനും ലെങ്തും തിരിച്ചറിയാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ബുദ്ധിമുട്ടുന്ന കാഴ്‌ചയാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണുന്നത്. ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കേ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(2) ആബട്ടിന്‍റെ പന്തില്‍ ബേണ്‍സിന്‍റെ കൈകളില്‍ വിശ്രമിച്ചു. എന്നാല്‍ ടി20 ശൈലിയില്‍ തുടങ്ങിയ പൃഥ്വി ഷാ മുന്നേറി. എങ്കിലും 29 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം 40 റണ്‍സെടുത്ത് നില്‍ക്കേ വില്‍ സതര്‍ലന്‍ഡ് ബൗള്‍ഡാക്കി. 

58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്‍ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. കാമറൂണ്‍ ഗ്രീനിനായിരുന്നു ഗില്ലിന്‍റ വിക്കറ്റ്. 15 റണ്‍സെടുത്ത ഹനുമ വിഹാരിയെ വൈള്‍ഡര്‍മുത് ബൗള്‍ഡാക്കി. നായകന്‍ അജിങ്ക്യ രഹാനെ 10 പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് വൈള്‍ഡര്‍മുത്തിന്‍റെ തന്നെ പന്തില്‍ അലക്‌സ് കാരേയുടെ കൈകളില്‍ അവസാനിച്ചു. അഞ്ച് റണ്‍സ് മാത്രമെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും വൈള്‍ഡര്‍മുത് മടക്കി. ഇതോടെ 25.5 ഓവറില്‍ ചായക്ക് പിരിഞ്ഞു. 

വിരാട് കോലി ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്‌മാന്‍ ഗില്‍, ഹനു വിഹാരി, അജിങ്ക്യ രഹാനെ(നായകന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചത്. 

ഓസ്‌ട്രേലിയയില്‍ ഹിറ്റ്‌മാന്‍ കളിക്കുമോ? ഫിറ്റ്‌നസ് പരിശോധന ഇന്ന്, ആകാംക്ഷയോടെ ആരാധകര്‍
 

click me!