ദുബായ്: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. മെല്‍ബണില്‍ നടന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 175 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഓസ്ട്രേലിയ 152&132, ഇംഗ്ലണ്ട് 110&178/6.
തോറ്റെങ്കിലും ഓസീസ് ഒന്നാമത് തുടരുന്നു. ഏഴില്‍ ആറ് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. ഒന്നില്‍ പരാജയപ്പെട്ടു. 85.71 പോയിന്റ് ശതമാനമാണ് ഓസീസിന്. 72 പോയിന്റും അക്കൗണ്ടിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റില്‍ ജയിക്കുകയും ഒരു മത്സരത്തില്‍ സമനില പിടിക്കുകയും ചെയ്ത ന്യൂസിലന്‍ഡ് രണ്ടാമത്. അവര്‍ക്ക് 77.78 പോയിന്റ് ശതമാനമുണ്ട്. 28 പോയിന്റും കിവീസ് സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്.
ന്യൂസിലന്‍ഡിന്റെ വരവോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ നിലവിലെ ചാമ്പ്യന്‍മാര്‍ നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയിന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് നാലാമത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റും 50 പോയിന്റ് ശതമാനവുമുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യയാണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്റും 48.15 പോയന്റ് ശതമാനവുമായി ആറാം സ്ഥാനത്താണിപ്പോള്‍. ഇംഗ്ലണ്ട് തൊട്ടുപിന്നില്‍ ഏഴാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണുള്ളത്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. 35.19 പോയിന്റ് ശതമാനമാണ് ഇംഗ്ലണ്ടിന്. 38 പോയിന്റും അവര്‍ക്കുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത് ഇംഗ്ലണ്ടാണ്.
ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസുമാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും ഒരു തോല്‍വിയും നാല് പോയിന്റാണ് അവര്‍ക്കുള്ളത്. പോയിന്റ് ശതമാനം 16.67. വെസ്റ്റ് ഇന്‍ഡീസ് എട്ട് മത്സരങ്ങളില്‍ ഏഴിലും തോറ്റു. ഒരു സമനില. നാല് പോയിന്റാണ് അവര്‍ക്ക്. 4.17 പോയിന്റ് ശതമാനവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!