ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയില്‍ ഇന്ത്യന്‍ പുരുഷ ടീമും ലോക കിരീടം നേടി ഇന്ത്യന്‍ വനിതാ ടീമും നേട്ടം കൊയ്തപ്പോള്‍, വിരാട് കോലി സെഞ്ച്വറി റെക്കോര്‍ഡും സ്വന്തമാക്കി.

ദുബായ്: ഐസിസി ട്രോഫിക്കായുള്ള ദക്ഷിണാഫ്രിക്കയുടെ നീണ്ട കാത്തിരിപ്പ് അവസാനിച്ച വര്‍ഷമാണ് കടന്ന് പോകുന്നത്. പടിക്കല്‍ കലമുടയ്ക്കുന്നവര്‍ എന്ന ചീത്തപ്പേരില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മോചനം കിട്ടിയ നിമിഷം. ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിരീടധാരണം. ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത് എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറി. നായകന്‍ തെംബ ബവുമയ്ക്കും സ്വപ്നസാഫല്യം. ലോക ചാമ്പ്യന്‍മാര്‍ ഇന്ത്യന്‍ പര്യടനത്തിലും കരുത്തുകാട്ടി. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലും ജയിച്ച് അതുല്യനേട്ടം.

ആഷസ് പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നിലംതൊടാന്‍ അനുവദിക്കാതെ ഓസ്‌ട്രേലിയ. ആദ്യരണ്ട് ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ദയിച്ച ഓസീസ് പരമ്പര സ്വന്തമാക്കിയത് അഡലെയ്ഡിലെ 82 റണ്‍സ് വിജയത്തോടെ. എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റ് തോല്‍വി. നാല് വിക്കറ്റിനായിരുന്നു ഓസീസിന്റെ തോല്‍വി. ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യന്‍ പുരുഷ ടീം ജേതാക്കളായിപ്പോള്‍ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ വനിതകള്‍.

ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി വിരാട് കോലി. നേട്ടം അന്‍പത്തിമൂന്നാം ഏകദിന സെഞ്ച്വറിയിലൂടെ. ടെസ്റ്റില്‍ ആദ്യ പതിനഞ്ച് പന്തിനിടെ അഞ്ച് വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. നേട്ടം വെസ്റ്റ് ഇന്‍ഡീസിനെതിരെ. ഏഷ്യാകപ്പില്‍ ഫൈനലില്‍ ഉള്‍പ്പടെ മൂന്ന് കളിയിലും ഇന്ത്യയോട് തോറ്റെങ്കിലും 2025ല്‍ ഏറ്റവും കൂടുതല്‍ ട്വന്റി 20യില്‍ ജയിച്ച ടീമെന്ന റെക്കോര്‍ഡ് പാകിസ്ഥാന് സ്വന്തം. 34 മത്സരങ്ങളില്‍ 21 വിജയം. ട്വന്റി 20 റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അഭിഷേക് ശര്‍മ്മ. ഇന്ത്യന്‍ ഓപ്പണര്‍ 21 കളിയില്‍ നേടിയത് 859 റണ്‍സ്.

YouTube video player