
ബെര്‍മിംഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. എഡ്ജ്ബാസ്റ്റണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുത്തിട്ടുണ്ട്. ബേത് മൂണി (37), അഷ്ലി ഗാര്‍ഡ്നര്‍ (11) എന്നിവരാണ് ക്രീസില്‍. അലീസ ഹീലി, മെഗ് ലാന്നിംഗ് (36), തഹ്ലിയ മഗ്രാത് (2) യുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. രേണുക സിംഗ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മൂന്നാം ഓവറില്‍ തന്നെ ഹീലിയെ (7) മടക്കി രേണുക ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മൂണിയും ലാന്നിംഗും ഒത്തുചേര്‍ന്നതോടെ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായി. ഇരുവരും 74 റണ്‍സ് കൂട്ടിചേര്‍ത്തു. ലാന്നിംഗിനെ റണ്ണൗട്ടാക്കി രാധ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടുപിന്നാലെ തഹ്ലിയ മടങ്ങി. ദീപ്തിക്കായിരുന്നു വിക്കറ്റ്. നേരത്തെ മാറ്റമില്ലാതെയാണ് ഇരുടീമുകളും ഇറങ്ങിയത്.
ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, താനിയ ഭാട്ടിയ, രാധ യാദവ്, മേഘ്‌ന സിംഗ്, രേണുക സിംഗ്.
ഓസ്‌ട്രേലിയ: അലീസ ഹീലി, ബേത് മൂണി, മെഗ് ലാന്നിംഗ്, തഹ്ലിയ മഗ്രാത്ത്, റേച്ചല്‍ ഹെയ്‌നസ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ്, ജെസ്സ് ജോനസന്‍, അലാന കിംഗ്, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.
ഇംഗ്ലണ്ടിനെ തകര്‍ത്തു, ന്യൂസിലന്‍ഡിന് വെങ്കലം
അതേസമയം, ലൂസേഴ്‌സ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലം സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കിവീസ് 11.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സോഫി ഡിവൈന്‍ (51) പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അമേലിയ കെര്‍ (21) പുറത്താവാതെ നിന്നു. സൂസി ബേറ്റ്‌സ് (20), ജോര്‍ജിയ പ്ലിമ്മര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഇംഗ്ലണ്ടിനായി നതാലി സ്‌കിവര്‍ (27), എമി ജോണ്‍സ് (26), സോഫി എക്ലെസ്റ്റോണ്‍ (18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. ഹയ്‌ലി ജെന്‍സന്‍ മൂന്ന് വിക്കറ്റെടുത്തു. സോഫി ഡിവൈന്‍, ഫ്രാന്‍ ജോനാസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.