വൈഭവ് സൂര്യവന്‍ഷി ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് അര്‍ധ സെഞ്ചുറി; രണ്ടാം യൂത്ത് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Published : Sep 24, 2025, 01:35 PM IST
Vaibhav Suryavanshi Scored Fifty against Australia

Synopsis

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം മികച്ച സ്കോർ പടുത്തുയർത്തി. വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിൽ ഇന്ത്യ 300 റൺസ് നേടി.

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ രണ്ടാം യൂത്ത് ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് 301 റണ്‍സ് വിജയലക്ഷ്യം. വൈഭവ് സൂര്യവന്‍ഷി (68 പന്തില്‍ 70), വിഹാന്‍ മല്‍ഹോത്ര (74 പന്തില്‍ 70), അഭിഗ്യാന്‍ കുണ്ടു (64 പന്തില്‍ 71) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 49.4 ഓവറില്‍ ഇന്ത്യ പുറത്തായി. വില്‍ ബൈറോം ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ യാഷ് ദേശ്മുഖ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആയുഷ് മാത്രെ (0) ബൈറോമിന്റെ പന്തില്‍ മടങ്ങുകയായിരുന്നു. പിന്നാലെ വൈഭവ് - വിഹാന്‍ സഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വൈഭവിനെ പുറത്താക്കി യാഷ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. ആര്യന്‍ ശര്‍മയ്ക്കായിരുന്നു ക്യാച്ച്. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലൊന്നിച്ച വേദാന്ദ് ത്രിവേദി (33 പന്തില്‍ 26) - വിഹാന്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. 27-ാം ഓവറില്‍ വേദാന്ദ് മടങ്ങി. ഹെയ്ഡന്‍ ഷില്ലറുടെ പന്തില്‍ സ്റ്റീവന്‍ ഹോഗന് ക്യാച്ച്.

തുടര്‍ന്ന് ക്രീസിലെത്തിയ കനിഷ്‌ക് ചൗഹാന്‍ (12), ആര്‍ എസ് ആംബ്രിഷ് (14), ഖിലാന്‍ പട്ടേല്‍ (11), ഹെനില്‍ പട്ടേല്‍ (9) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. കുണ്ടു ഒരറ്റത്ത് ആക്രമിച്ച് കളിച്ചതാണ് ഇന്ത്യയെ 300ലേക്ക് എത്തിച്ചത്. കിഷന്‍ കുമാര്‍ (1) പുറത്താവാതെ നിന്നു. ബൈറോം, യാഷ് എന്നിവര്‍ക്ക് പുറമെ ഓസീസിന് വേണ്ടി മലയാളിയായ ജോണ്‍ ജെയിംസ് ഒരു വിക്കറ്റ് വീഴ്ത്തി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്‌ട്രേലിയ: അലക്‌സ് ടര്‍ണര്‍, സൈമണ്‍ ബഡ്ജ് (വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ ഹോഗന്‍, അലക്‌സ് ലീ യംഗ്, യാഷ് ദേശ്മുഖ് (ക്യാപ്റ്റന്‍), ജയ്ഡന്‍ ഡ്രേപ്പര്‍, ജോണ്‍ ജെയിംസ്, ആര്യന്‍ ശര്‍മ, ഹെയ്ഡന്‍ ഷില്ലര്‍, കാസി ബാര്‍ട്ടണ്‍, വില്‍ ബൈറോം.

ഇന്ത്യ: വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), രാഹുല്‍ കുമാര്‍, ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, കിഷന്‍ കുമാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

11 ഇന്നിംഗ്സില്‍ 103 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 202 റണ്‍സ്, ബാബര്‍ അസമിനെ ബിഗ് ബാഷ് ലീഗില്‍ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാന്‍
ഐസിസിയുടെ അന്ത്യശാസനം തള്ളി, ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ്, പകരക്കാരായി എത്തുക സ്കോട്‌ലന്‍ഡ്