അയാളെ പുറത്താക്കാന്‍ പുതിയ മാര്‍ഗം കണ്ടുപിടിക്കേണ്ടിവരും; ഇന്ത്യന്‍ ബാറ്റ്സ്മാനെക്കുറിച്ച് കമിന്‍സ്

By Web TeamFirst Published May 23, 2020, 1:33 PM IST
Highlights

കഴിഞ്ഞ തവണ ഇന്ത്യക്കായി പുറത്തെടുത്ത പ്രകടനം പൂജാര ആവര്‍ത്തിച്ചാല്‍ ഓസീസിന് അത് വെല്ലുവിളിയാവും. പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും

ബ്രിസ്ബേന്‍: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഓസീസിന് വിജയം നേടണമെങ്കില്‍ ചേതേശ്വര്‍ പൂജാരയ പുറത്താക്കാനുള്ള വഴി കണ്ടുപിടിക്കണമെന്ന് ഓസീസ് പേസര്‍ പാറ്റ് കമിന്‍സ്. കഴിഞ്ഞ തവണ ഇന്ത്യ പര്യടനത്തിന് എത്തിയപ്പോള്‍ പൂജാരയായിരുന്നു അവരുടെ പ്രധാന സ്കോറര്‍. തന്റേതായ സമയമെടുത്ത് ക്രീസില്‍ നിലയുറപ്പിക്കുന്ന പൂജാര ഒരു കുമിളക്കുള്ളിലെന്നപോലെയാണ് ക്രീസില്‍ നില്‍ക്കുക. ആ കുമിളക്ക് പുറത്തെ കാര്യങ്ങളൊന്നും അദ്ദേഹത്തെ അധികം അലോസരപ്പെടുത്തില്ല-കമിന്‍സ് പറഞ്ഞ‌ു.

കഴിഞ്ഞ തവണ ഇന്ത്യക്കായി പുറത്തെടുത്ത പ്രകടനം പൂജാര ആവര്‍ത്തിച്ചാല്‍ ഓസീസിന് അത് വെല്ലുവിളിയാവും. പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും. അതുകൊണ്ട് ഇത്തവണ അദ്ദേഹത്തെ വീഴ്ത്താന്‍ കുറച്ചുകൂടി വീര്യം കൂടിയ മരുന്ന് പ്രയോഗിക്കേണ്ടിവരും.


സാഹചര്യങ്ങള്‍ ഇത്തവണ ഓസ്ട്രേലിയയെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിച്ചുകള്‍ കുറച്ചുകൂടി ബൗണ്‍സുളളതാവുമെന്ന് പ്രതീക്ഷിക്കുന്നു.എന്തായാലും ഇന്ത്യയെ നേരിടാന്‍ കൂടുതല്‍ സജ്ജരായാണ് ഓസീസ് ഇത്തവണ ഇറങ്ങുന്നതെന്നും കമിന്‍സ് പറഞ്ഞു.

കഴിഞ്ഞ തവണത്തെപോലെയല്ല കാര്യങ്ങള്‍. ഞങ്ങള്‍ കുറച്ചുകൂടി പരിചയസമ്പന്നരായിരിക്കുന്നു. മാത്രമല്ല, ഞങ്ങളുടെ ടീമില്‍ ലാബുഷെയ്നെയും സ്മിത്തിനെയും വാര്‍ണറെയും പോലെ ചില ലോകോത്തര ബാറ്റ്സ്മാന്‍മാരുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല-കമിന്‍സ് പറഞ്ഞു.

2018-2019ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ പൂജാരയായിരുന്നു ഇന്ത്യയുടെ പ്രധാന സ്കോറര്‍. നാലു മത്സരങ്ങളില്‍ നിന്ന് 74.42 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര അന്ന് അടിച്ചെടുത്തത്.

click me!