ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനിറങ്ങും മുമ്പ് ഓസീസിന് തിരിച്ചടി; സൂപ്പര്‍ പേസര്‍ പുറത്ത്

By Web TeamFirst Published Feb 7, 2023, 2:58 PM IST
Highlights

അതിനിടെ പരിക്കില്‍ നിന്നും മോചിതനായി പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാത്ത സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ആദ്യ ടെസ്റ്റില്‍ പന്തെറിയാനാവില്ലെന്നതും ഓസീസിന് തിരിച്ചടിയാണ്.

നാഗ്‌പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനിറങ്ങും മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്ക്. പരിക്കില്‍ നിന്ന് മുക്തനാകാത്ത പേസര്‍ ജോഷ് ഹേസല്‍വുഡ്ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. പരിക്കേറ്റ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്റ്റാര്‍ക്കും ഹേസല്‍വുഡും ഇല്ലാത്ത ഓസീസ് പേസ് നിരയെ ചുമലിലേറ്റേണ്ട ഉത്തരവാദിത്തം ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്‍റെ ചുമലിലായി.

ഹേസല്‍വുഡിന് പകരം ആദ്യ ടെസ്റ്റില്‍ സ്കോട് ബൊളാണ്ടിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ബൊളാണ്ട് കരിയറില്‍ ഇതുവരെ കളിച്ച ആറ് ടെസ്റ്റുകളും ഓസ്ട്രേലിയയിലായിരുന്നു. ബൊളാണ്ട് അന്തിമ ഇലവനില്‍ എത്തിയില്ലെങ്കില്‍ പുതുമുഖ താരം ലാന്‍സ് മോറിസിനാണ് സാധ്യത.

അതിനിടെ പരിക്കില്‍ നിന്നും മോചിതനായി പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാത്ത സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ആദ്യ ടെസ്റ്റില്‍ പന്തെറിയാനാവില്ലെന്നതും ഓസീസിന് തിരിച്ചടിയാണ്. ഗ്രീന്‍ പന്തെറിഞ്ഞില്ലെങ്കില്‍ ഓസ്ട്രേലിയ അഞ്ച് ബൗളര്‍മാരുമായി കളിക്കാനിറങ്ങേണ്ടിവരും. ആദ്യ ടെസ്റ്റിന് മുമ്പ് ഗ്രീനിന് കായികക്ഷമത തെളിയിക്കാനായില്ലെങ്കില്‍ പകരക്കാരനായി ആറാം നമ്പറില്‍ മാറ്റ് റെന്‍ഷോയോ പീറ്റര്‍ ഹാന്‍ഡ്സ്കോംബോ കളിക്കും.

രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി; ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ജാഫര്‍

ഗ്രിനീന്‍റെ അഭാവത്തില്‍ ഒരു ബൗളറെ കൂടി അധികമായി ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവരും. കാമറൂണ്‍ ഗ്രീന്‍ കളിച്ചാല്‍ പ്ലേയിംഗ് ഇലവനില്‍ രണ്ട് പേസര്‍മാരെ മാത്രമെ നാഗ്പൂരില്‍ ഓസീസ് ടീമിലുള്‍പ്പെടുത്താന്‍ സാധ്യതയുള്ളു എന്നാണ് സൂചന. സ്പിന്നര്‍മാരായി നേഥന്‍ ലിയോണിനൊപ്പം ആഷ്ടണ്‍ ആഗറോ ടോഡ് മര്‍ഫിയോ അന്തിമ ഇലവനില്‍ കളിച്ചേക്കും. ട്രാവിസ് ഹെഡ്ഡും ഓഫ് സ്പിന്‍ എറിയുന്ന ബാറ്ററാണെന്നതിനാല്‍ ഓസീസ് രണ്ട് സ്പിന്നര്‍മാരെ മാത്രമെ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയുള്ളു.ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡുണ്ടെന്നതിനാല്‍ സര്‍പ്രൈസ് ചോയോസായി ടോഡ് മര്‍ഫി ടീമിലെത്താനും സാധ്യതയുണ്ട്.

 

click me!