ഇഷാന്‍ കിഷന് പകരം ശ്രീകര്‍ ഭരതിനെയാണ് ജാഫര്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെടുത്തത്. ഇഷാന്‍ കിഷന് പുറമെ അക്സര്‍ പട്ടേലിനെയും ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ജാഫര്‍ ഒഴിവാക്കി

നാഗ്‌പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മറ്റന്നാള്‍ നാഗ്‌പൂരില്‍ തുടക്കമാകാനിരിക്കെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന്‍റെ സ്ഥാനത്ത് ഇഷാന്‍ കിഷന്‍ വരുമോ അതോ ശ്രീകര്‍ ഭരത് പ്ലേയിംഗ് ഇലവനലെത്തുമോ, മധ്യനിരയില്‍ ശുഭ്മാന്‍ ഗില്ലോ സൂര്യകുമാര്‍ യാദവോ ആരാകും അന്തിമ ഇലവനില്‍ കളിക്കുക, കെ എല്‍ രാഹുല്‍ ഓപ്പണറായി തിരിച്ചെത്തുമോ തുടങ്ങി നിരവധി ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ഇതിനിടെ രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ആദ്യ ടെസ്റ്റിനുള്ള തന്‍റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.

ഓപ്പണര്‍മാരായി കെ എല്‍ രാഹുലിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും തന്നെയാണ് ജാഫര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്നത്. ടി20 ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ ജാഫര്‍ ഒഴിവാക്കി എന്നതാണ് ശ്രദ്ധേയം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ജാഫറിന്‍റെ ടീമില്‍ ഇടമില്ല.

അവന്‍റെ ഫോമാകും ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ വിധി നിര്‍ണയിക്കുക; നിര്‍ണായക താരത്തെക്കുറിച്ച് രവി ശാസ്ത്രി

ഇഷാന്‍ കിഷന് പകരം ശ്രീകര്‍ ഭരതിനെയാണ് ജാഫര്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെടുത്തത്. ഇഷാന്‍ കിഷന് പുറമെ അക്സര്‍ പട്ടേലിനെയും ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ജാഫര്‍ ഒഴിവാക്കി. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും സ്പിന്നര്‍മാരാകുന്ന ജാഫറിന്‍റെ പ്ലേയിംഗ് ഇലവനില്‍ കുല്‍ദീപ് യാദവാണ് മൂന്നാം സ്പിന്നര്‍. പേസര്‍മാരായി മുഹമ്മദ് സിറാജിയനെയും മുഹമ്മദ് ഷമിയെയുമാണ് ജാഫര്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അക്സറിനെ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് ടീമിലുണ്ടെങ്കില്‍ ബൗളിംഗിന് വൈവിധ്യം കൊണ്ടുവരാനാകുമെന്നും ജാഫര്‍ വിശദീകരിക്കുന്നു.

Scroll to load tweet…

ആദ്യ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ശുഭ്മാന്‍ ഗില്ലിനെയോ സൂര്യകുമാര്‍ യാദവിനെയോ ആകും ഇന്ത്യ മധ്യനിരയില്‍ പരീക്ഷിക്കുക എന്നാണ് സൂചന. ടി20യിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങിയ ഗില്ലിനാകും മധ്യനിരയില്‍ കൂടുതല്‍ സാധ്യത.