ചരിത്രത്തില്‍ ആദ്യം, ഓസീസ് ടെസ്റ്റ് ജേഴ്സിയിലും സ്പോണ്‍സര്‍ ലോഗോ

By Web TeamFirst Published Dec 17, 2020, 6:02 PM IST
Highlights

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ നഷ്ടം കുറക്കുന്നതിന്‍റെ ഭാഗമായാണ് ഐസിസി, ടെസ്റ്റ് ജേഴ്സിസിയുടെ മുന്‍വശത്ത് സ്പോണ്‍സര്‍ ലോഗോ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്.

അഡ്‌ലെയ്ഡ്: ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രേലിയ തങ്ങളുടെ ടെസ്റ്റ് ജേഴ്സിയിലും സ്പോണ്‍സര്‍ ലോഗോയുമായി കളിക്കാനിറങ്ങി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഓസീസ് വെളളക്കുപ്പായത്തില്‍ ആദ്യമായി സ്പോണ്‍സര്‍ ലോഗോയുമായി കളിക്കാനിറങ്ങിയത്.

നേരത്തെ ഇംഗ്ലണ്ടും, വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും ന്യൂസിലന്‍ഡുമെല്ലാം സമാനമായി രീതിയില്‍ ടെസ്റ്റ് ജേഴ്സിയില്‍ സ്പോണ്‍സര്‍ ലോഗോയുമായി കളിക്കാനിറങ്ങിയിരുന്നു. ഇന്ത്യയുടെ സ്പോണ്‍സര്‍ ലോഗോയുമായാണ് കളിക്കാനിറങ്ങിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ നഷ്ടം കുറക്കുന്നതിന്‍റെ ഭാഗമായാണ് ഐസിസി, ടെസ്റ്റ് ജേഴ്സിസിയുടെ മുന്‍വശത്ത് സ്പോണ്‍സര്‍ ലോഗോ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ ആഴ്ച ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയുടെ എ ടീമാണ് ആദ്യമായി ഇത്തരത്തില്‍ സ്പോണ്‍സര്‍ ലോഗോയുള്ള ടീ ഷര്‍ട്ട് ധരിച്ച് കളിക്കാനിറങ്ങിയത്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസീസ് സീനിയര്‍ ടീമും ഇതേ മാതൃകയില്‍ സ്പോണ്‍സര്‍ ലോഗോയുള്ള ജേഴ്സി ധരിച്ചാണിറങ്ങിയത്.

ടെസ്റ്റ് ജേഴ്സിയില്‍ സ്പോണ്‍സര്‍ ലോഗോ പതിക്കാനുള്ള അവകാശം  2020-21 സീസണലേക്ക് മാത്രമായിരിക്കുമെന്നായിരുന്നു ഐസിസി ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ടെസ്റ്റ് ജേഴ്സിസിയില്‍ വരുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ മാറ്റമാണിത്. നേരത്തെ ടെസ്റ്റ് ജേഴ്സിയില്‍ കളിക്കാരുടെ നമ്പര്‍ പതിപ്പിക്കാന്‍ ഐസിസി അനുമതി നല്‍കിയിരുന്നു.

click me!