നാഗ്‌പൂര്‍ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല, സൂര്യകുമാര്‍ യാദവ് അരങ്ങേറും- റിപ്പോര്‍ട്ട്

By Web TeamFirst Published Feb 1, 2023, 5:27 PM IST
Highlights

പ്രതീക്ഷിച്ച വേഗത്തില്‍ ശ്രേയസ് അയ്യരുടെ പരിക്ക് മുക്തമായിട്ടില്ല. വീണ്ടും കളിക്കാന്‍ അദേഹത്തിന് രണ്ടാഴ്‌ച കൂടിയെങ്കിലുമെടുക്കും. 

നാഗ്‌‌പൂര്‍: ഓസ്‌ട്രേലിയക്ക് എതിരായ നാഗ്‌‌പൂര്‍ ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യക്ക് തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്‌തനാവാത്ത മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഇന്ത്യ-ഓസീസ് ഒന്നാം ടെസ്റ്റില്‍ കളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് നാഗ്‌പൂരില്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. നടുവിനേറ്റ പരിക്കില്‍ നിന്ന് മുക്‌തനായിക്കൊണ്ടിരിക്കുന്ന ശ്രേയസിന് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ കളിക്കാനായേക്കും എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

പ്രതീക്ഷിച്ച വേഗത്തില്‍ ശ്രേയസ് അയ്യരുടെ പരിക്ക് മുക്തമായിട്ടില്ല. വീണ്ടും കളിക്കാന്‍ അദേഹത്തിന് രണ്ടാഴ്‌ച കൂടിയെങ്കിലുമെടുക്കും. ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ അയ്യര്‍ ലഭ്യമാവില്ല. രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം ഫിറ്റ്‌നസ് റിപ്പോര്‍ട്ട് അനുസരിച്ചിരിക്കും എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര നഷ്‌ടമായ ശ്രേയസ് അയ്യര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനവും ചികില്‍സയും നടത്തിവരികയായിരുന്നു. ഇപ്പോഴും നടുവിന് വേദനയനുഭവപ്പെടുന്ന താരത്തോട് രണ്ടാഴ്‌ച കൂടി വിശ്രമം തുടരാന്‍ എന്‍സിഎയില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു. നാഗ്‌പൂരിലെ ഇന്ത്യന്‍ ക്യാംപിനൊപ്പം ചേരുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ശ്രേയസിന് തുടര്‍ ചികില്‍സ ലഭിക്കാനാണ് സാധ്യത. 2022ല്‍ കളിച്ച അഞ്ച് ടെസ്റ്റുകളില്‍ 60 ശരാശരിയില്‍ നാല് ഫിഫ്റ്റികളോടെ അയ്യര്‍ 422 റണ്‍സ് നേടിയിരുന്നു. 

ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങുന്നത്. 17-ാം തിയതി ദില്ലിയിലും മാര്‍ച്ച് 1ന് ധരംശാലയിലും 9ന് അഹമ്മദാബാദിലും അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. 

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.   

ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ പൊരിക്കുക ആരായിരിക്കും; പേരുമായി മുന്‍ സെലക്‌‌ടര്‍

click me!