ഇവരൊന്നുമാവില്ല; അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഓപ്പണറെ പ്രവചിച്ച് ഗൗതം ഗംഭീര്‍

By Web TeamFirst Published Feb 1, 2023, 5:37 PM IST
Highlights

ന്യൂസിലന്‍ഡിനെതിരെ പൃഥ്വി ഷായ്ക്ക് അവസരം നല്‍കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഗംഭീര്‍ ടി20 ക്രിക്കറ്റില്‍ പൃഥ്വി ഷാക്ക് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.

മുംബൈ: സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമായതോടെ അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണ്. ഓപ്പണര്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും രാഹുല്‍ ത്രിപാഠിയും എല്ലാമുണ്ട്. അതുപോലെയ മധ്യനിരയില്‍ സ്ഥാനം ലഭിക്കാന്‍ മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശര്‍മയും തിലക് വര്‍മയും അടക്കമുള്ള യുവതാരങ്ങളും.

ഇതൊക്കെയാണെങ്കിലും അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുന്ന ഒരു താരം പൃഥ്വി ഷാ ആയിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും പൃഥ്വിക്ക് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. രണ്ട് മത്സരങ്ങളിലും ഇരുവരും നിരാശപ്പെടുത്തിയിരുന്നു.

ന്യൂസിലന്‍ഡിനെതിരെ പൃഥ്വി ഷായ്ക്ക് അവസരം നല്‍കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഗംഭീര്‍ ടി20 ക്രിക്കറ്റില്‍ പൃഥ്വി ഷാക്ക് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു. കാരണം, 2024ലെ ലോകകപ്പില്‍ രോഹിത്തും കോലിയും കളിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്ഥാനത്ത് താന്‍ പൃഥ്വി ഷായെ ആണ് കാണുന്നതെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ടി20 ക്രിക്കറ്റിന് അനുയോജ്യന്‍ പൃഥ്വിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

നാഗ്‌പൂര്‍ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല, സൂര്യകുമാര്‍ യാദവ് അരങ്ങേറും- റിപ്പോര്‍ട്ട്

പൃഥ്വി ഷായെയും ഇഷന്‍ കിഷനെയും പോലുള്ള കളിക്കാരാണ് ടി20 ക്രിക്കറ്റിന് അനുയോജ്യര്‍. അതുകൊണ്ട് അവര്‍ക്ക് ടീമില്‍ നീണ്ടകാലം അവസരം നല്‍കണം. ഗില്ലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ടി20 ക്രിക്കറ്റ് സ്വാഭാവികതയോടെ കളിക്കുന്ന ഒരു കളിക്കാരനുണ്ടെങ്കില്‍ അത് പൃഥ്വി ഷാ ആണെന്നും ഗംഭീര്‍ പറ‌ഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ 10 മത്സരങ്ങളില്‍ നിന്ന് 332 റണ്‍സടിച്ച പൃഥ്വി ഷാ കഴിഞ്ഞ മാസം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അതിവേഗ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിരുന്നു. തുടര്‍ന്നാണ് സെലക്ടര്‍മാര്‍ ഷായെ ടി20 ടീമിലെടുത്തത്. രോഹിത് ശര്‍മയോ വിരാട് കോലിയോ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയോ സെലക്ടര്‍മാര്‍ ഇരുവരെയും ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ ലോകകപ്പിനുശേഷം ഇരുവരും ഇതുവരെ ടി20 ടീമിലെടുത്തിട്ടില്ല.

click me!