
ബ്രിസ്ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയക്ക് മിന്നുന്ന തുടക്കം. രണ്ടാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് സ്കോര്‍ 334ല്‍ അവസാനിപ്പിച്ച ഓസീസ് ചായക്ക് പിരിയുമ്പോള്‍ 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന ശക്തമായ നിലയിലാണ്. 56 പന്തില്‍ 59 റണ്‍സുമായി ജേക് വെതറാള്‍ഡും 27 റണ്‍സുമായി മാര്‍നസ് ലാബുഷെയ്നും ക്രീസില്‍. 33 റൺസെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ബ്രെയ്ഡന്‍ കാര്‍സെക്കാണ് വിക്കറ്റ്. 9 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഓസീസിന് 204 റണ്‍സ് കൂടി വേണം.
നേരത്തെ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 334 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍ത്തടിച്ച ജോഫ്ര ആര്‍ച്ചറെ ബ്രണ്ടൻ ഡോഗെറ്റിന്‍റെ പന്തില്‍ മാര്‍നസ് ലാബുഷെയ്ൻ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ജോ റൂട്ട് 138 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ജോഫ്ര ആര്‍ച്ചര്‍-ജോ റൂട്ട് സഖ്യം 58 പന്തില്‍ 70 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് ഓപ്പണര്‍മാകായ വെതറാള്‍ഡും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 പന്തില്‍ 77 റണ്‍സടിച്ചു. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ട്രാവിസ് ഹെഡിനെ ജാമി സ്മിത്ത് തുടക്കത്തിലെ കൈവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഹെഡ് മടങ്ങിയശേഷം ക്രീസിലെത്തിയ ലാബുഷെയ്നും വെതറാള്‍ഡിനൊപ്പം നിലയുറപ്പിച്ചതോടെ അതിവേഗം സ്കോര്‍ ചെയ്ത ഓസീസ് ഓവറില്‍ 6 റണ്‍സിന് മുകളില്‍ അടിച്ച് 100 കടന്നു. 45 പന്തിലാണ് വെതറാള്‍ഡ് കന്നി ടെസ്റ്റ് അര്‍ധസെഞ്ചുറി തികച്ചത്. അഞ്ചോവറില്‍ 45 റൺസ് വഴങ്ങിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക