ഏകദിന പരമ്പര; ഇംഗ്ലണ്ടിനെ അടിച്ചോടിച്ച് വാര്‍ണറും ഹെഡ്ഡും സ്മിത്തും; ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

By Gopala krishnanFirst Published Nov 17, 2022, 5:27 PM IST
Highlights

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു. ഓപ്പണര്‍ ജേസണ്‍ റോയ്(6), ഫിലിപ്പ് സോള്‍ട്ട്(14), ജെയിംസ് വിന്‍സ്(5) എന്നിവര്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സെ ഉണ്ടായിരുന്നുള്ളു.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ കിരീടപ്പെരുമയുമായി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട ഡേവിഡ് മലന്‍റെ സെഞ്ചുറി കരുത്തില്‍ ഉയര്‍ത്തിയ 287 റണ്‍സ് 46.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് അനായാസം മറികടന്നു. അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡ്ഡും സ്റ്റീവ് സ്മിത്തുമാണ് ഓസീസ് ജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച സിഡ്നിയില്‍ നടക്കും. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 287-9, ഓസ്ട്രേലിയ 46.5 ഓവറില്‍ 291-4.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു. ഓപ്പണര്‍ ജേസണ്‍ റോയ്(6), ഫിലിപ്പ് സോള്‍ട്ട്(14), ജെയിംസ് വിന്‍സ്(5) എന്നിവര്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സെ ഉണ്ടായിരുന്നുള്ളു. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സാം ബില്ലിംഗ്സിനെ(17) സ്റ്റോയ്നിസ് വീഴ്ത്തുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 66 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം മലന്‍ ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ ബട്‌ലറെ(29) സാംപ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നു. ലിയാം ഡോസണ്‍(11), ക്രിസ് ജോര്‍ദ്ദാന്‍(14) എന്നിവരും പെട്ടെന്ന് മടങ്ങി. ഡേവിഡ് വില്ലിയെ(34 നോട്ടൗട്ട്) കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ മലന്‍ തകര്‍ത്തടിച്ചാണ് ഇംഗ്ലണ്ടിനെ 287ല്‍ എത്തിച്ച്ത്. ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും സ്പിന്നര്‍ ആദം സാംപയും മൂന്ന് വിക്കറ്റ് വീതമെടുത്തു.

പരിശീലനത്തിനിടെ കണ്ണുംപൂട്ടി സിക്സടിച്ച് സഞ്ജു, കൈയടിച്ച് സഹതാരങ്ങള്‍-വീഡിയോ

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരാ ട്രാവിസ് ഹെഡ്ഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 20 ഓവറില്‍ 147 റണ്‍സടിച്ച് ഓസീസിന് വെടിക്കെട്ട് തുടക്കം നല്‍കി. ഹെഡ്ഡിനെ(57 പന്തില്‍ 69) ജോര്‍ദ്ദാന്‍ മടക്കിയെങ്കിലും വാര്‍ണറും സ്മിത്തും ചേര്‍ന്ന് ഓസീസിനെ 200 കടത്തി. സെഞ്ചറിയിലേക്ക് എത്താതെ വാര്‍ണറും(84 പന്തില്‍ 86), നിലയുറപ്പിക്കാതെ മാര്‍നസ് ലാബുഷെയ്നും(4) വീണെങ്കിലും അലക്സ് ക്യാരിയെയും(21) കാമറൂണ്‍ ഗ്രീനിനെയും(20*) കൂട്ടുപിടിച്ച് സ്മിത്ത്(78 പന്തില്‍ 80*) ഓസീസിനെ ജയത്തിലേക്ക് നയിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി രണ്ട് വിക്കറ്റെടുത്തു.

click me!