'ചെക്കന്‍ വളര്‍ന്ന് വലുതായിരിക്കുന്നു'; സിറാജിന് കയ്യടിച്ച് സെവാഗ്

By Web TeamFirst Published Jan 18, 2021, 6:39 PM IST
Highlights

ബ്രിസ്‌ബേനിലെ ഗാബയില്‍ 19.5 ഓവറിൽ 73 റൺസ് വിട്ടുനൽകിയാണ് മുഹമ്മദ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 

ബ്രിസ്‌ബേന്‍: ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസ്‌ട്രേലിയക്കെതിരെ ഗാബയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മാത്യൂ വെയ്‌ഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് കീശയിലാക്കിയത്. ഇതിന് പിന്നാലെ സിറാജിനെ തേടി ഇതിഹാസ താരങ്ങളുടെ ഉള്‍പ്പടെ ആശംസയെത്തി. 

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ അഭിനന്ദനമായിരുന്നു ഇവയില്‍ ഒന്ന്. 'പയ്യന്‍ സിറാജ് വളര്‍ന്ന് വലിയ ആളായി' എന്നാണ് വീരുവിന്‍റെ ട്വീറ്റ്. തന്‍റെ ആദ്യ പരമ്പരയില്‍ സിറാജ് ബൗളിംഗ് സംഘത്തെ മുന്നില്‍ നിന്ന് നയിച്ചു. ഈ പര്യടനത്തില്‍ പുതുമുഖ താരങ്ങള്‍ കാഴ്‌ചവെച്ച മിന്നും പ്രകടനം ഏറെക്കാലം ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കും എന്നും സെവാഗ് കുറിച്ചു. 

The boy has become a man on this tour. Siraj, Leader of the attack in his first Test series and he has led from.the front. The way newcomers have performed for India on this tour will be etched in memories for a long long time. Will be fitting if they retain the trophy. pic.twitter.com/8bRvMI1iwR

— Virender Sehwag (@virendersehwag)

ബ്രിസ്‌ബേനിലെ ഗാബയില്‍ 19.5 ഓവറിൽ 73 റൺസ് വിട്ടുനൽകിയാണ് മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഈ പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറായി ഇതോടെ സിറാജ്. അച്ഛന്‍റെ ആകസ്‌മിക മരണമുണ്ടാക്കിയ ആഘാതവും ഓസ്‌ട്രേലിയയിലെ നിരന്തരമായ വംശീയാധിക്ഷേപങ്ങളും തരണം ചെയ്‌താണ് സിറാജ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്‌ക്കിടെയാണ് മുഹമ്മദ് സിറാജ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ സിറാജിന് അവസരമൊരുങ്ങി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ടിന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റ് തികച്ച് തിളങ്ങി. ഈ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ചപ്പോള്‍ രണ്ട് വിക്കറ്റായിരുന്നു സമ്പാദ്യം. 

മഴ വില്ലനാകുമോ; ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കാലാവസ്ഥാ പ്രവചനം 

ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിന്‍റെ ബൗളിംഗ് ആക്രമണം നയിക്കാനുള്ള ചുമതലയാണ് രണ്ട് മത്സരങ്ങളുടെ മാത്രം പരിചയമുള്ള സിറാജിന് ലഭിച്ചത്. ഷമിക്ക് പിന്നാലെ ജസ്‌പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും പരിക്കേറ്റ് പുറത്തായതോടെയാണിത്. എന്നാല്‍ അവസരം മുതലാക്കിയ സിറാജ് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി കയ്യടി വാങ്ങുകയായിരുന്നു. 

ടെസ്റ്റ് പരമ്പര സമനിലയായാല്‍ ഓസീസീന് 2018നേക്കാള്‍ വലിയ നാണക്കേട്: പോണ്ടിംഗ്

click me!