ദ്രാവിഡിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി രോഹിത് ശര്‍മ്മ; സംഭവം ഫീല്‍ഡിംഗില്‍!

By Web TeamFirst Published Jan 18, 2021, 5:54 PM IST
Highlights

ഗാബയില്‍ രണ്ട് ഇന്നിംഗ്സിലുമായി രോഹിത് ശർമ്മ അഞ്ച് ക്യാച്ചുകൾ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ രണ്ടും ക്യാച്ചുകളാണ് രോഹിത് കൈക്കലാക്കിയത്. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഫീല്‍ഡിംഗ് റെക്കോര്‍ഡുമായി ഇന്ത്യയുടെ രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ ദ്രാവിഡ്, സോള്‍ക്കര്‍, ശ്രീകാന്ത് എന്നിവരുടെ റെക്കോര്‍ഡിന് ഒപ്പമെത്തി രോഹിത് ശര്‍മ്മ. 

ഗാബയില്‍ രണ്ട് ഇന്നിംഗ്സിലുമായി രോഹിത് ശർമ്മ അഞ്ച് ക്യാച്ചുകൾ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ രണ്ടും ക്യാച്ചുകളാണ് രോഹിത് കൈക്കലാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്‌മിത്തിനേയും ടിം പെയ്‌നേയും പിടിച്ച് പുറത്താക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ ക്യാച്ച് രോഹിത്തിനായിരുന്നു. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ അഞ്ച് ക്യാച്ചെടുക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ. ഏക്നാഥ് സോള്‍കര്‍, കെ ശ്രീകാന്ത്, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് രോഹിത്തിന് മുൻപ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. സോള്‍ക്കര്‍ 1969-70 പരമ്പരയിലും ദ്രാവിഡ് 1997-98 പരമ്പരയിലും ചെന്നൈയിലാണ് അഞ്ച് ക്യാച്ചുകളെടുത്തത്. 1991-92 പരമ്പരയില്‍ പെര്‍ത്തിലായിരുന്നു ശ്രീകാന്തിന്‍റെ പ്രകടനം. 

ഗാബയില്‍ അഞ്ച് വിക്കറ്റിനൊപ്പം നാഴികക്കല്ലും പിന്നിട്ട് മുഹമ്മദ് സിറാജ്

ബ്രിസ്‌ബേനില്‍ ബാറ്റിംഗിലും രോഹിത് ശര്‍മ്മയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ടീം ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ 74 പന്തില്‍ 44 റണ്‍സ് നേടിയ ഹിറ്റ്‌മാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് പന്തില്‍ നാല് റണ്‍സുമായി ബാറ്റ് ചെയ്യുകയാണ്. ബ്രിസ്‌ബേനില്‍ ഒരു ദിവസം അവശേഷിക്കേ 324 റണ്‍സ് കൂടി വേണം ഇന്ത്യക്ക്. രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് (0*) ക്രീസില്‍. 

ഓസ്‌‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വച്ചത്. ഓസ്‌‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294ല്‍ അവസാനിച്ചു. അഞ്ച് വിക്കറ്റുമായി മുഹമ്മദ് സിറാജും നാല് പേരെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറും തിളങ്ങി. ഗാബയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1ന് സമനില പാലിക്കുകയാണ് ടീമുകള്‍. 

ടെസ്റ്റ് പരമ്പര സമനിലയായാല്‍ ഓസീസീന് 2018നേക്കാള്‍ വലിയ നാണക്കേട്: പോണ്ടിംഗ്

click me!