രാത്രിയിലെ കനത്ത മഞ്ഞുവീഴ്ചയാകും ഇരു ടീമും നേരിടുന് പ്രധാന വെല്ലുവിളി. രണ്ടാമത് ബൗള്‍ ചെയ്യുക എന്നത് ദുഷ്കരമായതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുത്തേക്കും.

ഗുവാഹത്തി: ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി20 ഇന്ന് ഗുവാഹത്തിയിൽ. മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കലാണ് ഇന്ത്യൻ ടീമിന്‍റെ ലക്ഷ്യം. രാത്രി ഏഴ് മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. ടി20യില്‍ എതിരാളികളില്ലാതെ മുന്നേറുകയാണ് ഇന്ത്യ. ടീം ഒന്നടങ്കം വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ പീക്കിൽ.

ഈ പ്രകടനം കണ്ട് കുട്ടിക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിർത്തുമെന്ന് മോഹിക്കുന്നതിൽ തെറ്റില്ല. മൂന്നാം ടി20ക്ക് ഇന്ത്യയിറങ്ങുന്നത് വൻ ആത്മവിശ്വാസത്തിൽ. ഓപ്പണർമാർ വേഗം വീണിട്ടും 16 ഓവറിൽ 209 റൺസ് ചേസ് ചെയ്തു. ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റൻ സൂര്യ സ്കൈ 360 ആയി. ഒപ്പം തിരിച്ചുവരവിൽ ക്ലിക്കായ പോക്കറ്റ് ഡൈനാമോ ഇഷാൻ കിഷനും.

പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ കിവീസ് സ്കോറുയരാതെ കാക്കാമെന്നാണ് ടീം കണക്കകൂട്ടൽ. പരിക്കറ്റ അക്സർ പട്ടേലും തിരിച്ചെത്തുമെന്ന് പ്രതീക്ഷ. ഇന്ത്യയ്ക്കെതിരെ 300 റൺസെങ്കിലും വേണമെന്നാണ് രണ്ടാം മത്സരത്തിലെ തോൽവിക്ക് ശേഷം കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ പ്രതികരിച്ചത്. ഫീൽഡിങ്ങിലടക്കമുള്ള ടീമിന്‍റെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ന്യൂസിലന്‍ഡ് ടീമിന്‍റെ ലോകകപ്പ് സന്നാഹം പാളും.

പേസർ കെയ്ൽ ജാമിസൺ ഇന്ന് കിവീസ് നിരയില്‍ തിരിച്ചെത്തും. ബാറ്റിങ്ങ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തുന്ന ആരാധകർക്ക് നിരാശപ്പെടേണ്ടിവരില്ലെന്നാണ് പിച്ച് നൽകുന്ന സൂചന. 2023ൽ ഇതേ വേദിയിൽ ആദ്യം ബാറ്റുചെയ്ത് 222 റൺസ് നേടിയ ഇന്ത്യയെ അവസാന പന്തിൽ ഓസീസ് മറികടന്നിരുന്നു. ആ ക്ഷീണം കൂടി മറികടക്കുന്നൊരു ബ്ലക്ബസ്റ്റർ പ്രതീക്ഷിക്കുകയാണ് ആരാധകർ. 

രാത്രിയിലെ കനത്ത മഞ്ഞുവീഴ്ചയാകും ഇരു ടീമും നേരിടുന് പ്രധാന വെല്ലുവിളി. രണ്ടാമത് ബൗള്‍ ചെയ്യുക എന്നത് ദുഷ്കരമായതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുത്തേക്കും. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 250 ന് മുകളിലെങ്കിലും സ്കോര്‍ ചെയ്താലെ മഞ്ഞുവീഴ്ചയിലം പിടിച്ചു നില്‍ക്കാനാവു എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലും ടോസ് നിര്‍ണായക ഘടകമാകും.