സിഡ്നിയില്‍ ഹിറ്റ്‌മാനൊപ്പം ആരാകണം ഓപ്പണര്‍; ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി ഗാവസ്‌കര്‍

By Web TeamFirst Published Dec 30, 2020, 7:37 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് ഓപ്പണ്‍ ചെയ്യണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

സിഡ്നി: ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായിക്കഴിഞ്ഞു. രോഹിത്തിന്‍റെ വരവ് സഹതാരങ്ങളെയും ടീം മാനേജ്‌മെന്‍റിനേയും ഏറെ സന്തോഷത്തിലാക്കുന്നു എന്ന് താരത്തിന് ലഭിച്ച സ്വീകരണം തന്നെ തെളിവ്. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആര് സഹഓപ്പണറാകണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

രോഹിത്തിനൊപ്പം ഫോമിലല്ലാത്ത മായങ്ക് അഗര്‍വാളിന്‍റെ പേരാണ് ഓപ്പണിംഗ് സ്ഥാനത്ത് ഗാവസ്‌കര്‍ നിര്‍ദേശിക്കുന്നത് എന്നതാണ് കൗതുകം. സിഡ്‌നിയില്‍ രോഹിത് കളിച്ചാല്‍ ശുഭ്‌മാന്‍ ഗില്ലാകും സഹഓപ്പണര്‍ എന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഗാവസ്‌കര്‍ മായങ്കിന് പൂര്‍ണ പിന്തുണ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. മെല്‍ബണിലെ അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച പ്രകടനവുമായി കയ്യടി വാങ്ങിയിരുന്നു 22കാരനായ ശുഭ്‌മാന്‍ ഗില്‍. അതേസമയം പരമ്പരയിലെ നാല് ഇന്നിംഗ്‌സുകളില്‍ 31 റണ്‍സ് മാത്രമായിരുന്നു മായങ്കിന്‍റെ സമ്പാദ്യം. 

പറയാന്‍ ഗാവസ്‌കര്‍ക്ക് കാരണങ്ങളുണ്ട്

'കഴിഞ്ഞ വര്‍ഷം മികച്ച സ്ഥിരത കാട്ടിയ താരമാണ് മായങ്ക് അഗര്‍വാള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അദേഹം ബാറ്റ് ചെയ്ത രീതി ഓര്‍മ്മിക്കുക. എന്നാല്‍ എല്ലാ ബാറ്റ്സ്‌മാന്‍മാരും ചില പ്രതിസന്ധികളിലൂടെ കടന്നുപോകും. അതിനാല്‍ തന്നെ മായങ്കിനെ ഞാന്‍ കുറ്റപ്പെടുത്തില്ല, പിന്തുണയ്‌ക്കാനാണ് ആഗ്രഹിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ രോഹിത്തും മായങ്കും ഓപ്പണ്‍ ചെയ്യട്ടേ. അതിവേഗം 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരത്തിലെത്തും മായങ്ക് എന്ന് ഒരുവേള തോന്നിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ മികച്ച ന്യൂ ബോള്‍ ബൗളര്‍മാര്‍ക്കെതിരെ കളിക്കുന്നത് കൊണ്ടാണ് അതിന് സാധിക്കാതെ വന്നത്' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ആവേശമായി ഹിറ്റ്‌മാന്‍ എത്തി, ഗംഭീര സ്വീകരണം നല്‍കി ഇന്ത്യന്‍ താരങ്ങള്‍

ഐപിഎല്ലിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു രോഹിത് ശര്‍മ്മ. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ ഹിറ്റ്മാന് നഷ്‌ടമായി. ബെംഗളൂരുവിലെ കഠിന പരിശീലനത്തിന് ശേഷം പരിക്ക് മാറി ഓസ്‌ട്രേലിയയിലെത്തിയ താരം 14 ദിവസത്തെ കൊവിഡ് നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. 

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജനുവരി ഏഴ് മുതലാണ് ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം 15 മുതല്‍ ബ്രിസ്‌ബേനില്‍ നടക്കും. 

ഓസ്ട്രേലിയയയെ ഇന്ത്യ 'ചാക്കിലിട്ട് ഇടിച്ചു'വെന്ന് അക്തര്‍

click me!