സിഡ്നി: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിലെ ഐതിഹാസിക ജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ആവേശമായി രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നു. സിഡ്നിയില്‍ 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ എത്തിയ രോഹിത്തിന് ടീം അംഗങ്ങള്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ജയത്തിലെ വിജയാഘോഷത്തിനിടെയാണ് ടീം അംഗങ്ങള്‍ക്കിടയിലേക്ക് രോഹിത് കടന്നുവന്നത്. പൃഥ്വി ഷായും വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയുമാണ് രോഹിത്തിനെ സ്വീകരിക്കാനായി ആദ്യം എഴുന്നേറ്റ് ചെന്നത്. പിന്നാലെ ടി നടരാജനും വാഷിംഗ്ടണ്‍ സുന്ദറുമെത്തി.

ടീം അംഗങ്ങളോടെല്ലാം കുശലാന്വേഷണം നടത്തിയശേഷം പരിശീലകന്‍ രവി ശാസ്ത്രിയുമായും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുമായും രോഹിത് സംസാരിച്ചു. ജനുവരി ഏഴിന് സിഡ്നിയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല. ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അവസാന രണ്ട് ടെസ്റ്റുകളിലെങ്കിലും കളിപ്പിക്കാനായി ബിസിസിഐ രോഹിത്തിനെ ഓസ്ട്രേലിയയിലേക്ക് അയച്ചത്. സിഡ്നിയില്‍ ക്വാറന്‍റൈന്‍ നിബന്ധനകള്‍ കര്‍ശനമായതിനാല്‍ 14 ദിവസത്തെ ക്വാറന്‍റൈന്‍ കാലവധി പൂര്‍ത്തിയാക്കിയശേഷമെ രോഹിത്തിന് ടീമിനൊപ്പം ചേരാനായുള്ളു.

ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന മായങ്ക് അഗര്‍വാളിന് പകരം മൂന്നാം ടെസ്റ്റില്‍ രോഹിത് ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ആദ്യ രണ്ട് ടെസ്റ്റിലും ഓരോ ജയങ്ങളുമായി ഇരു ടീമും പരമ്പരയില്‍  1-1 സമനില പാലിക്കുകയാണ്.