
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ നാലു റൺസിന് തോല്‍പിച്ച ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ. ക്യാപ്റ്റൻ അലീസ ഹീലി ഇല്ലാതെ ഇറങ്ങിയിട്ടും ഓസീസ് കരുത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ട് വനിതകള്‍ക്കായില്ല. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സടിച്ചപ്പോള്‍ തുടക്കത്തില്‍ 4 വിക്കറ്റ് നഷ്ടമായി പതറിയെങ്കിലും ആഷ്‌ലി ഗാര്‍ഡ്നറുടെ സെഞ്ചുറിയുടെയും അന്നാബെല്‍ സതര്‍ലാന്‍ഡിന്‍റെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ 40.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
പതിനാറാം ഓവറില്‍ 68-4 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ആഷ്‌ലി ഗാര്‍ഡ്നറും അനാബെല്‍ സതര്‍ലാന്‍ഡും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 180 റണ്‍സടിച്ചാണ് ഓസീസിന്‍റെ ആധിപത്യം ഉറപ്പിച്ചത്. ആഷ്‌ലി ഗാര്‍ഡ്നര്‍ 73 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് 112 പന്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്നു. തുടക്കത്തില്‍ ഫോബെ ലിച്ചിഫീല്‍ഡ്(1), ജോര്‍ജിയ വോള്‍(6), എല്ലിസ് പെറി(13), ബെത് മൂണി(20) എന്നിവരെ നഷ്ടമായി 68-4 എന്ന സ്കോറില്‍ തകര്‍ന്ന ശേഷമായിരുന്നു ഓസീസിന്‍റെ തിരിച്ചുവരവ്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടാമി ബ്യൂമോണ്ടിന്‍റെ അര്‍ധസെഞ്ചുറിയുടെയും(78) ആലിസ് ക്യാപ്സി(38), ചാര്‍ലി ഡീന്‍(26), സോഫിയ ഡങ്ക്‌ലി(22) എന്നിവരുടെ ബാറ്റിംഗിന്‍റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ഓസീസിനായി അന്നാബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഷ്‌ലി ഗാര്‍ഡ്നറും സോഫിയ മോളിനോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!