
ബ്രിസ്ബേന്‍: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 100 റണ്‍സിന് പുറത്ത്. ബ്രിസ്‌ബേനില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് സന്ദര്‍ശകരെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. മലയാളി താരം മിന്നു മണി സക്വാഡിനൊപ്പം ഉണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ സഹ ഓപ്പണര്‍ പ്രിയ പൂനിയയും (3) മടങ്ങി. മേഗന്‍ ഷട്ടിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ഇന്ത്യ. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (19) അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ ഹര്‍ലീന് സാധിച്ചില്ല. ആഷ്‌ലി ഗാര്‍ഡനര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹര്‍മന്‍പ്രീത് - ജമീമ സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
എന്നാല്‍ കൗറിനെ പുറത്താക്കി അന്നാബെല്‍ സതര്‍ലന്‍ഡ് ഓസീസിന് മേല്‍ക്കൈ നല്‍കി. വൈകാതെ ജമീമ, കിം ഗര്‍ത്തിന്റെ പന്തില്‍ ബൗള്‍ഡായി. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 11 റണ്‍സിനിടെ ഇന്ത്യക്ക് നഷ്ടമായി. റിച്ച ഘോഷ് (14) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ദീപിത് ശര്‍മ (1), സൈമ താക്കൂര്‍ (4), തിദാസ് സദു (2), പ്രിയ മിശ്ര (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (0) പുറത്താവാതെ നിന്നു.
ഇന്ത്യന്‍ സ്‌ക്വാഡ്
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പൂനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യസിതിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, തിദാസ് സധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, സൈമ താക്കൂര്‍.
സീരീസ് ഷെഡ്യൂള്‍
ഒന്നാം ഏകദിനം: ഡിസംബര്‍ 5, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്ബേന്‍
രണ്ടാം ഏകദിനം: ഡിസംബര്‍ 8, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്ബേന്‍
മൂന്നാം ഏകദിനം - ഡിസംബര്‍ 11, പെര്‍ത്ത്.