അലീസ ഹീലി നയിച്ചു, സെഞ്ചുറി; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസീസിന് മൂന്ന് വിക്കറ്റ് ജയം

Published : Oct 12, 2025, 10:43 PM IST
Alyssa Healy Registers Her 3rd Century in Women's ODI World Cup

Synopsis

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റിന്റെ തോൽവി. ഇന്ത്യ ഉയർത്തിയ 331 റൺസ് വിജയലക്ഷ്യം, ക്യാപ്റ്റൻ അലീസ ഹീലിയുടെ സെഞ്ചുറിയുടെ (142) മികവിൽ ഓസ്‌ട്രേലിയ മറികടന്നു. 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. വിശാഖപട്ടണത്ത് ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. എല്ലിസ് പെറി (പുറത്താവാതെ 47), അഷ്‌ലി ഗാര്‍ഡ്‌നര്‍ (46 പന്തില്‍ 45), ഫോബ് ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ നിര്‍ണായകമായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്‌സിന് മൂന്ന് വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗില്‍ മികച്ച ഓസീസിന് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറില്‍ ഇന്ത്യ കൂട്ടുകെട്ട് പൊളിച്ചു. ലിച്ച് ഫീല്‍ഡിനെ ശ്രീ ചരണി പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ പെറി, ഹീലിക്ക് പിന്തുണ നല്‍കി. എന്നാല്‍ പെറി, പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്നെത്തിയ ബേത് മൂണി (4), അന്നാബെല്‍ സതര്‍ലാന്‍ഡ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഹീലിയും മടങ്ങി. മൂന്ന് സിക്‌സും 21 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ വീരോചിത ഇന്നിംഗ്‌സ്. ഹീലി മടങ്ങിയെങ്കിലും ഗാര്‍ഡ്‌നര്‍, പെറി (പുറത്താവാതെ (47) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. തഹ്ലിയ മഗ്രാത് (12), സോഫി മൊളിനെക്‌സ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കിം ഗാര്‍ത്ത് (14) പെറിക്കൊപ്പം പുറത്താവാതെ നിന്നു.

ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 155 റണ്‍സ് ചേര്‍ത്തു. സ്മൃതി ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിക സൂക്ഷ്മതയോടെ കളിച്ചു. 25-ാം ഓവറില്‍ മാത്രമാണ് ഓസീസിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സ്മൃതിയെ മൊളിനെക്‌സ് പുറത്താക്കുകയായിരുന്നു. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (38) - പ്രതികയ്‌ക്കൊപ്പം 37 റണ്‍സ് കൂട്ടിചേര്‍ത്തു. 31-ാം ഓവറില്‍ പ്രതികയും മടങ്ങി. അന്നാബെല്‍, ഫൈന്‍ ലെഗില്‍ എല്ലിസ് പെറിയുടെ കൈകളിലെത്തിക്കുകയായിരുന്നു പ്രതികയെ. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

തുടര്‍ന്നെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (22) തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. ഹര്‍ലീന്‍ കൂടി പോയതോടെ 37.2 ഓവറില്‍ നാലിന് 240 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ചാ ഘോഷ് (22 പന്തില്‍ 32) - ജെമീമ റോഡ്രിഗസ് (21 പന്തില്‍ 33) കൂട്ടുകെട്ട് 54 റണ്‍സ് കൂട്ടിചേര്‍ത്തു. റിച്ചയാണ് ആദ്യം മടങ്ങുന്നത്. പിന്നാലെ ജമീമയും. തുടര്‍ന്നെത്തിയ ദീപ്തി ശര്‍മ (1), ക്രാന്തി ഗൗത് (1), ശ്രീചരണി (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. അമന്‍ജോത് കൗര്‍ 16 റണ്‍സ് കൂട്ടിചേര്‍ത്തു. സ്‌നേഹ് റാണ (8) പുറത്താവാതെ നിന്നു.

നേരത്തെ, ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. വാറെഹമിന് പകരം സോഫി മൊളിനെക്‌സ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍; താരത്തിന് പിന്തുണയുമായി അശ്വിന്‍
നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രഹരം, വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍, സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം