2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് ടേണർ ഇംഗ്ലണ്ടിനായി അരങ്ങേറിയത്.

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 25-ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് യുവ പേസര്‍ ജോൺ ടേണർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടർച്ചയായി വേട്ടയാടുന്ന പുറംഭാഗത്തെ പരിക്കാണ് കരിയറിന്‍റെ തുടക്കത്തിൽ തന്നെ വിരമിക്കൽ തീരുമാനത്തിലേക്ക് താരത്തെ എത്തിച്ചത്. 2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് ടേണർ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞ താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജൂണിലാണ് ടേണർ അവസാനമായി മത്സരരംഗത്തിറങ്ങിയത്.

നാട്ടിലെ കൗണ്ടി ക്ലബ്ബായ ഹാംഷെയറിനായി അഞ്ച് വർഷത്തോളം കളിച്ച ശേഷമാണ് ടേണർ കളി മതിയാക്കുന്നത്. ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നുവെന്ന് ടേണർ വ്യക്തമാക്കി. രാജ്യത്തിനായും ഹാംഷെയറിനായും കളിക്കുക എന്നത് എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി അലട്ടുന്ന പുറംഭാഗത്തെ പരിക്കും തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളും ഭാവി കരിയറിനെക്കുറിച്ച് പുനർചിന്തിക്കാൻ പ്രേരിപ്പിച്ചു. ക്രിക്കറ്റിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് കടക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് കരുതുന്നു- ജോൺ ടേണർ പറഞ്ഞു.

2021-ൽ ഹാംഷെയറിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലെത്തിയ ടേണർ, 2023-ലെ 'വൈറ്റാലിറ്റി ബ്ലാസ്റ്റ്' ടൂർണമെന്‍റിൽ 11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ നേടി ശ്രദ്ധനേടി. ഹാംഷെയറിന്റെ വിജയകരമായ കാലഘട്ടത്തിൽ ടേണർ വഹിച്ച പങ്ക് വലുതാണെന്നും, 25-ാം വയസ്സിലെ ഈ വിടവാങ്ങൽ വലിയ നിരാശ നൽകുന്നുവെന്നും ഹാംഷെയർ ക്രിക്കറ്റ് ഡയറക്ടർ ജൈൽസ് വൈറ്റ് പ്രതികരിച്ചു. മികച്ച ഭാവി പ്രതീക്ഷിച്ചിരുന്ന ഒരു യുവതാരം പരിക്കുകൾ കാരണം ഇത്രയും ചെറിയ പ്രായത്തിൽ കളി അവസാനിപ്പിക്കേണ്ടി വന്നതിന്‍റെ നിരാശയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക