എതിര്‍ താരത്തെ തെറി വിളിച്ചു; ഓസീസ് പേസര്‍ക്ക് വിലക്ക്

By Web TeamFirst Published Nov 17, 2019, 2:43 PM IST
Highlights

ഓസ്‌ട്രേലിയന്‍ ആഭ്യന്തര ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്‌ടോറിയക്കായി കളിക്കവെ ക്വീന്‍സ്‌ലന്‍ഡ് താരത്തെ താരം തെറി വിളിക്കുകയായിരുന്നു

സിഡ്‌നി: എതിര്‍ താരത്തെ അസഭ്യം പറഞ്ഞതിന് ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണിന് വിലക്ക്. ഇതോടെ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് പാറ്റിന്‍സണിന് നഷ്ടമാകും. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്‌ടോറിയക്കായി കളിക്കവെ ക്വീന്‍സ്‌ലന്‍ഡ് താരത്തെ പാറ്റിന്‍സണ്‍ തെറി വിളിക്കുകയായിരുന്നു. 

ഓസീസ് ടെസ്റ്റ് ടീമില്‍ മൂന്നാം പേസര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന താരങ്ങളില്‍ ഒരാളാണ് ജെയിംസ് പാറ്റിന്‍സണ്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം മോശം പൊരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ താരം വീണ്ടും ഇതാവര്‍ത്തിച്ചതോടെ പുലിവാല്‍ പിടിക്കുകയായിരുന്നു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മുന്നില്‍ ഹാജരായ പേസര്‍ കുറ്റം സമ്മതിച്ചു. 

"തെറ്റുപറ്റിയെന്ന് മനസിലായ ഉടനെ താരത്തോടും അംപയറോടും മാപ്പ് പറഞ്ഞിരുന്നു. തെറ്റ് വീണ്ടും സമ്മതിക്കുന്നു. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ഇതോടെ നഷ്ടമാകും. എന്നാല്‍ നിയമങ്ങള്‍ അനുസരിച്ചേ മതിയാകൂ. പിഴവ് എന്‍റേത് മാത്രമാണ്" എന്നും പാറ്റിന്‍സണ്‍ പ്രതികരിച്ചു. രണ്ട് മത്സരങ്ങളാണ് പാകിസ്ഥാന്‍- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലുള്ളത്. പാറ്റിന്‍സണ്‍ കളിക്കാത്തതോടെ പാറ്റ് കമ്മിന്‍സിനും ജോഷ് ഹേസല്‍ഡുവിനുമൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന് അവസരം ലഭിക്കും. 

click me!