ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെതിരെ വിമർശനം ഉന്നയിച്ച മുഹമ്മദ് അമീറിന് രൂക്ഷ മറുപടിയുമായി മുഹമ്മദ് കൈഫ്.
ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് അമീറിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യ സെമി ഫൈനലില്‍ എത്തില്ലെന്നും ഇംഗ്ലണ്ടിനോട് തോറ്റ് പുറത്താകുമെന്നുമുള്ള അമീറിന്റെ പ്രവചനങ്ങളെ കൈഫ് തള്ളിക്കളഞ്ഞു. യുവതാരം അഭിഷേക് ശര്‍മ്മയെ 'സ്ലോഗര്‍' എന്ന് വിളിച്ചതിനും അമീര്‍ ഇന്ത്യന്‍ ആരാധകരുടെ രോഷം ഏറ്റുവാങ്ങിയിരുന്നു. ശ്രദ്ധ പിടിച്ചുപറ്റാനും വാര്‍ത്തകളില്‍ നിറയാനും വേണ്ടിയാണ് അമീര്‍ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
അമീറിന് കാര്യങ്ങള്‍ കൃത്യമായി അറിയാം
കൈഫ് പറയുന്നതിങ്ങനെ... ''ഇന്ത്യ സെമി ഫൈനലില്‍ എത്തുമെന്ന് അമീറിന് ശരിക്കും അറിയില്ലായിരുന്നോ? ഡിഫന്‍ഡിംഗ് ചാമ്പ്യന്മാരായ ഇന്ത്യ മുന്നേറുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ അത് വലിയ വാര്‍ത്തയാകുമെന്ന് അദ്ദേഹം കരുതുന്നു. നമ്മള്‍ ഇതിനൊന്നും അമിത പ്രാധാന്യം നല്‍കേണ്ടതില്ല. അവരുടെ നിലവാരത്തിലേക്ക് താഴേണ്ട ആവശ്യം ഇന്ത്യക്കില്ല.'' കൈഫ് പറഞ്ഞു.
യുഎസ്എയോടുള്ള തോല്‍വി ഓര്‍മ്മിപ്പിച്ച് കൈഫ്
2024ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ അമേരിക്കയോട് അപ്രതീക്ഷിതമായി തോറ്റത് മുഹമ്മദ് അമീറിന്റെ മോശം ബോളിംഗ് കാരണമാണെന്ന് കൈഫ് പരിഹസിച്ചു. ''2024ല്‍ യുഎസ്എയ്ക്കെതിരെ പാകിസ്ഥാന്‍ തോല്‍ക്കാന്‍ കാരണം ഇതേ ബൗളറാണ്. ആ സൂപ്പര്‍ ഓവറില്‍ ഒരു ബൗണ്ടറി മാത്രമേ വഴങ്ങിയുള്ളൂ എങ്കിലും അമിതമായി വൈഡുകള്‍ എറിഞ്ഞത് ഇദ്ദേഹമാണ്. പന്ത് സ്റ്റമ്പില്‍ പോലും കൊള്ളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. യുഎസ്എയെ പോലെ ഒരു ടീമിനെ കണ്ട് ഭയപ്പെട്ട് സ്വന്തം ടീമിനെ തോല്‍പ്പിച്ച ഒരാളെക്കുറിച്ച് എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.'' കൈഫ് ആഞ്ഞടിച്ചു.
പാകിസ്ഥാന്‍ ക്രിക്കറ്റിന് നിലവാരമില്ല
പാകിസ്ഥാന്‍ ക്രിക്കറ്റ് നിലവില്‍ വളരെ പിന്നിലാണെന്നും അവരുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ''നമ്മള്‍ എന്തിനാണ് അമീറിനെ ശ്രദ്ധിക്കുന്നത്? കായികരംഗത്ത് ഇത്രയും പിന്നിലായ ഒരു രാജ്യം, അവിടെ നിലവാരമുള്ള കളിക്കാരോ ക്യാപ്റ്റനോ ബൗളറോ ഒന്നുമില്ല. അവരെ അവരുടെ വഴിക്ക് വിടുക. അവര്‍ പറയുന്നതിനെല്ലാം മറുപടി നല്‍കുന്നത് അവര്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് തുല്യമാണ്. അതാണ് അവര്‍ ആഗ്രഹിക്കുന്നതും.'' കൈഫ് പറഞ്ഞു.

