പാകിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ തന്ത്രം; ഏഴ് വര്‍ഷത്തിന് ശേഷം ബാബര്‍ അസം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

Published : Sep 15, 2026, 12:18 PM IST
Babar Azam

Synopsis

മോശം ഫോമിനെ തുടർന്ന് പാകിസ്ഥാൻ ടെസ്റ്റ് ക്യാപ്റ്റൻ ബാബർ അസം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ, ഫോം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഇസ്ലാമാബാദ്: മോശം ഫോമും ടെസ്റ്റ് പരമ്പരയിലെ വന്‍ തിരിച്ചടിയും തുടരുന്നതിനിടെ, ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ 0-3ന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം. കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാബറിന്റെ ബാറ്റിങ് പ്രകടനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. 2023 മുതല്‍ 2025 വരെയുള്ള കലണ്ടര്‍ വര്‍ഷങ്ങളില്‍ ബാബറിന്റെ ബാറ്റിങ് ശരാശരി വളരെ താഴെയായിരുന്നു.

അതോടൊപ്പം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു ടെസ്റ്റ് സെഞ്ചുറി പോലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല. 2019 ഡിസംബറിലാണ് ബാബര്‍ അവസാനമായി ഒരു ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. അന്ന് സെന്‍ട്രല്‍ പഞ്ചാബിനെ നയിച്ച അദ്ദേഹം നോര്‍ത്തേണിനെ ഇന്നിങ്‌സിനും 16 റണ്‍സിനും തോല്‍പ്പിച്ച് ക്വയ്ദ്-ഇ-അസം ട്രോഫി കിരീടം ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായ ഫോം ഔട്ടിന് ശേഷം, പ്രസിഡന്റ്‌സ് ട്രോഫി ഗ്രേഡ്- ഐ ടൂര്‍ണമെന്റില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിന് വേണ്ടിയാണ് ബാബര്‍ കളിക്കുക.

ഇംഗ്ലണ്ടില്‍ നാളെ പാകിസ്ഥാനില്‍ തിരിച്ചെത്തുന്ന ബാബര്‍ തൊട്ടടുത്ത ദിവസം ടീമിനൊപ്പം ചേരുമെന്ന് ക്ലബ് ഹെഡ് ഫറാ ബാതൂല്‍ സ്ഥിരീകരിച്ചു. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തിലോ മൂന്നാം മത്സരത്തിലോ ബാബര്‍ കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ബാബര്‍ ടീമിലെത്തുന്നത്. രാജ്യാന്തര തലത്തില്‍ കളിക്കുന്ന പ്രമുഖ താരങ്ങളെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കാനുള്ള പിസിബിയുടെ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഏകദിന ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദിയും ട്വന്റി 20 ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും നിലവില്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. ജൂലൈയില്‍ വീണ്ടും ടെസ്റ്റ് നായകനായി ചുമതലയേറ്റ ബാബറിന് കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 1-1ന് സമനിലയിലാക്കാന്‍ കഴിഞ്ഞെങ്കിലും ഇംഗ്ലണ്ടിനോട് ദാരുണമായി തോല്‍ക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളുടെ സമ്മര്‍ദ്ദങ്ങളില്ലാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സമയം ചെലവഴിക്കുന്നതിലൂടെ തന്റെ ബാറ്റിങ് താളം വീണ്ടെടുക്കാന്‍ ബാബറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അജിത് അഗാര്‍ക്കറുടെ ഭാവിയെ കുറിച്ച് നിര്‍ണായക ചര്‍ച്ച; രോഹിത് ശര്‍മയുടെ കാര്യത്തിലും തീരുമാനമെടുക്കും
പാക്കിസ്ഥാന്‍ ടീം വരാതിരിക്കില്ല; വന്നില്ലെങ്കില്‍ പകരക്കാരായി രണ്ട്‌ ടീമുകള്‍ റെഡി, ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി തയ്യാറെടുപ്പുകളില്‍ പഞ്ചാബ്‌