ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ ഭാവി അനിശ്ചിതത്വത്തില്‍. രോഹിത് ശര്‍മയുടെ ഏകദിന ഭാവിയെ ചൊല്ലി ബിസിസിഐയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതോടെ അഗാര്‍ക്കറുടെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഈ ചര്‍ച്ചയില്‍ രോഹിത്തിന്റെ ഏകദിന കരിയറിനെക്കുറിച്ചും തീരുമാനമുണ്ടാകും.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ ഭാവി രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഭാരവാഹികളും അഗാര്‍ക്കറും വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. കുറച്ച് മാസങ്ങളായി ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും അഭിപ്രായ ഭിന്നതയിലാണ്. രോഹിത് ശര്‍മ്മയുടെ ഏകദിന ഭാവി സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. രോഹിത്തിന് പകരം യശസ്വീ ജയ്‌സ്വാളിനെ കളിപ്പിക്കണമെന്നാണ് അഗാര്‍ക്കറിന്റെ നിലപാട്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ രോഹിത്തിന് പരസ്യ പിന്തുണയും പ്രഖ്യാപിച്ചു.

ഇതോടെയാണ് അഭിപ്രായ വ്യത്യാസം രൂക്ഷമായത്. ഈമാസം മൂന്നിന് നടന്ന ബിസിസിഐയുടെ അവലോകന യോഗത്തില്‍ അഗാര്‍ക്കര്‍ പങ്കെടുത്തിരുന്നില്ല. ഇതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. അഗാര്‍ക്കറിന്റെ നിലവിലെ കരാര്‍ ഒക്ടോബര്‍ നാലിന് അവസാനിക്കും. കരാര്‍ നീട്ടി നല്‍കിയില്ലെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യന്‍ ഏകദിന ടീമിനെ തീരുമാനിക്കുന്ന യോഗത്തോടെ അഗാര്‍ക്കറിന് ചുമതല ഒഴിയേണ്ടിവരും. 2023 ജൂലൈ നാലിനാണ് അഗാര്‍ക്കര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായി നിയമിതനായത്. അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി തലവനായുള്ള കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2024, 2026 ട്വന്റി 20 ലോകകപ്പുകളും ഏഷ്യാകപ്പും 2025 ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.

കഴിഞ്ഞ ജൂലൈയിലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിത് ശര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ടീമിന്റെ പ്ലാനുകളില്‍ ഉള്ളിടത്തോളം കാലം രാജ്യത്തിനായി കളിക്കുന്നത് തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. 2027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഓരോ പരമ്പരകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മ്മയുടെ ഭാവി വിലയിരുത്തണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്.

YouTube video player