കോലിയും മനുഷ്യനാണ്, വിശ്രമം അനിവാര്യം, അല്ലെങ്കില്‍... വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ശിഖര്‍ ധവാന്‍

Published : Aug 06, 2022, 04:41 PM ISTUpdated : Aug 06, 2022, 04:48 PM IST
കോലിയും മനുഷ്യനാണ്, വിശ്രമം അനിവാര്യം, അല്ലെങ്കില്‍... വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ശിഖര്‍ ധവാന്‍

Synopsis

. ഇംഗ്ലണ്ട് പര്യടനത്തിലെ ഫോമില്ലായ്‌ക്ക് ശേഷം നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിരാട് കോലി വരാനിരിക്കുന്ന സിംബാബ്‌വെന്‍ പര്യടനത്തിലും ഇന്ത്യന്‍ കുപ്പായമണിയില്ല

മുംബൈ: ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) പിന്തുണയുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍(Shikhar Dhawan). തുടര്‍ച്ചയായി രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തും എന്നാണ് ധവാന്‍റെ അഭിപ്രായം. 

'ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ ഒരു താരം ആവശ്യത്തിന് ഊര്‍ജം വീണ്ടും സംഭരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചാല്‍ ഏതൊരു താരവും മാനസികമായി ക്ഷീണിതനാവും. മനസിന് വിശ്രമം അനിവാര്യമാണ്. താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു റൊട്ടേഷനുണ്ടാവും. എല്ലായിടത്തും യാത്ര ചെയ്താല്‍ താരം അസ്വസ്‌തനാകും. ക്രിക്കറ്റ് താരങ്ങള്‍ ആത്യന്തികമായി മനുഷ്യനാണ്. ഉയർന്ന തലത്തിലുള്ള വ്യക്തികൾ ഇത് മനസ്സിലാക്കുകയും ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നും ശിഖര്‍ ധവാന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്‌ടര്‍മാര്‍ ഓഗസ്റ്റ് എട്ടാം തിയതിക്കുള്ളില്‍ പ്രഖ്യാപിക്കും. ഇംഗ്ലണ്ട് പര്യടനത്തിലെ ഫോമില്ലായ്‌ക്ക് ശേഷം നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിരാട് കോലി വരാനിരിക്കുന്ന സിംബാബ്‌വെന്‍ പര്യടനത്തിലും ഇന്ത്യന്‍ കുപ്പായമണിയില്ല. ടീം ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയില്‍ തുടങ്ങുക. ഏഷ്യാ കപ്പിലെ സമാന ടീമിനെയാവും ടി20 ലോകകപ്പിനയക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഏഷ്യാ കപ്പിലൂടെ കോലിയുടെ തിരിച്ചുവരവുണ്ടായേക്കും. ടി20 ലോകകപ്പിന് മുമ്പ് കരുത്തരായ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ നിര്‍ണായക പരമ്പരകളും ടീം ഇന്ത്യക്കുണ്ട്. ഇവയിലും കോലിയെ ഉള്‍പ്പെടുത്തിയേക്കും എന്നാണ് സൂചന. 

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുമ്പോഴും മുപ്പത്തിമൂന്നുകാരനായ വിരാട് കോലിയില്‍ വലിയ പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. 2019 നവംബറിന് ശേഷം കോലിയുടെ ബാറ്റിൽ നിന്ന് ഒരു തവണ പോലും മൂന്നക്കം പിറന്നിട്ടില്ല. ഐപിഎല്ലിലും ഇംഗ്ലണ്ട് പര്യടനത്തിലുമൊക്കെ കിംഗ് കോലി തീര്‍ത്തും നിറംമങ്ങുകയായിരുന്നു. ഇങ്ങനെയൊരു കോലിക്ക് ഇന്ത്യയുടെ ട്വന്‍റി 20 സ്ക്വാഡിൽ ഇനി സ്ഥാനമുണ്ടോ എന്ന് മുൻതാരങ്ങളുൾപ്പെടെ ചോദ്യമുയർത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിൽ ഉൾപ്പെടെ കളിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് വിരാട് കോലി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ ആത്മവിശ്വാസം താരത്തിന് ഗുണപരമാകും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.  

കോലി നേരിട്ട് ഇലവനിലെത്തും, പക്ഷേ അക്കാര്യത്തില്‍ സെലക്‌ടര്‍മാര്‍ തീരുമാനമെടുക്കേണ്ട സമയമായി: സാബാ കരീം

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്